ബെംഗളൂരു: ദേശീയ ക്രിക്കറ്റ് അക്കാദമി ഡയറക്ടറായി നിയമിതനായ രാഹുല്‍ ദ്രാവിഡ് ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ പരിശീലകനായി അധികനാള്‍ തുടരില്ല. ദ്രാവിഡിന് പകരക്കാരനായി ഷിതാൻഷു കൊടാക് ഇന്ത്യ എയുടെയും പാരസ് മഹാംബ്രേ അണ്ടര്‍ 19 ടീമിന്‍റെയും പരിശീലകരായി ഉടന്‍ ചുമതലയേല്‍ക്കും. കുറച്ച് മാസങ്ങളിലേക്കാണ് ഇരുവരുടെയും ചുമതല. 

ഫസ്റ്റ്‌ക്ലാസില്‍ 130 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് കൊടാക്. ഇന്ത്യ എയുടെ ബാറ്റിംഗ് പരിശീലനമായിരിക്കും കൊടാക്കിന്‍റെ കീഴില്‍ നടക്കുക. ബൗളിംഗ് പരിശീലകനായി രമേശ് പവാറിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സ്ഥാനക്കയറ്റം ലഭിച്ചാണ് മഹാംബ്രേ അണ്ടര്‍ 19 പരിശീലകനാവുന്നത്. 91 ഫസ്റ്റ്‌ക്ലാസ് മത്സരങ്ങളില്‍ 284 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുള്ള മഹാംബ്രേ ദ്രാവിഡിനൊപ്പം പരിശീലക സംഘത്തിലുണ്ടായിരുന്നയാളാണ്. 

അണ്ടര്‍ 19, ഇന്ത്യ എ ടീമുകളെ ഉയരങ്ങളിലെത്തിച്ചാണ് ദ്രാവിഡ് പടിയിറങ്ങുന്നത്. ദ്രാവിഡിന്‍റെ കീഴില്‍ അണ്ടര്‍ 19 ടീം 2018ല്‍ ലോകകപ്പുയര്‍ത്തി. മത്സരഫലങ്ങളേക്കാള്‍ താരങ്ങളുടെ മികവ് വര്‍ദ്ധിപ്പിക്കാനായിരുന്നു ദ്രാവിഡ് പ്രാധാന്യം നല്‍കിയിരുന്നത്. തിരുവനന്തപുരത്ത് ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരെ ഏകദിന പരമ്പര കളിക്കുകയാണ് ഇന്ത്യ എ. സെപ്റ്റംബര്‍ ആദ്യവാരം ആരംഭിക്കുന്ന ഏഷ്യ കപ്പാണ് അണ്ടര്‍ 19 ടീമിന് മുന്നിലുള്ളത്.