തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് 138 റണ്‍സ് വിജയലക്ഷ്യം. റീസ ഹെന്‍ഡ്രിക്‌സിന്റെ (60) അര്‍ധ സെഞ്ചുറി കരുത്തിലാണ് ദക്ഷിണാഫ്രിക്ക ഇത്രയും റണ്‍സെടുത്തത്. നേരത്തെ, നനഞ്ഞ ഔട്ട് ഫീല്‍ഡ് കാരണം മത്സരം വൈകിയാണ് തുടങ്ങിയത്. ഇതിനെ തുടര്‍ന്ന് 43 ഓവരാണ് ഇരുടീമുകള്‍ക്കും നിശ്ചയിച്ചത്. എന്നാല്‍ ഇതിനിടയിലും മഴയെത്തിയതോടെ മത്സരം 25 ഓവറാക്കി ചുരുക്കുകയായിരുന്നു.

മാത്യൂ ബ്രീറ്റ്‌സ്‌കെ (25)യുടെ വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഹെന്‍ഡ്രിക്‌സിനൊപ്പം ഹെന്റിച്ച് ക്ലാസന്‍ (21) പുറത്താവാതെ നിന്നു. ക്യാപ്റ്റന്‍ തെംബ ബവൂമ (28) റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയായിരുന്നു. രാഹുല്‍ ചാഹറാണ് ഇന്ത്യക്ക വേണ്ടി വിക്കറ്റ് വീഴ്ത്തിയത്. 

വിക്കറ്റിന് പിന്നില്‍ മലയാളി താരം സഞ്ജു സാംസണ് അവസരം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്. മികച്ച പ്രകടനം പുറത്തെടുത്താല്‍ ദേശീയ ടീമില്‍ അവസരം ലഭിക്കാനുള്ള സാധ്യതയുണ്ട്.  ഇന്ത്യയുടെ സീനിയര്‍ ടീം ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമിലുണ്ട്. അഞ്ച് മത്സരങ്ങളുടെ പരമ്പര ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു.