തിരുവനന്തപുരം: കാര്യവട്ടത്ത് ഇന്ത്യ എയ്‌ക്കെതിരെ ആദ്യ അനൗദ്യോഗിക ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് കൂട്ടത്തകര്‍ച്ച. സന്ദര്‍ശകര്‍ക്ക് 22 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി. ഷാര്‍ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റും സിറാജും നദീമും ഓരോ വിക്കറ്റും നേടി. 

അക്കൗണ്ട് തുറക്കും മുന്‍പ് ഓപ്പണര്‍മാരെ ഇന്ത്യന്‍ പേസര്‍മാര്‍ മടക്കിയിരുന്നു. ആദ്യ ഓവറിലെ നാലാം പന്തില്‍ നായകന്‍ ഐഡന്‍ മര്‍ക്രാമിനെ മുഹമ്മദ് സിറാജ് വിക്കറ്റ് കീപ്പര്‍ ഭരതിന്‍റെ കൈകളിലെത്തിച്ചു. സഹ ഓപ്പണറായ പീറ്റര്‍ മലാനെ നാലാം ഓവറിലെ രണ്ടാം പന്തില്‍ ഷാര്‍ദുല്‍ താക്കൂര്‍ ഭരതിന്‍റെ ക്യാച്ചില്‍ പുറത്താക്കി. ഹംസയും സോന്ദോയും രണ്ടക്കം കടത്തിയെങ്കിലും അധികനേരം പിടിച്ചുനില്‍ക്കാനായില്ല.

ഹംസയെ 13 റണ്‍സില്‍ നില്‍ക്കേ നദീം ബൗള്‍ഡാക്കി. ആറ് റണ്‍സെടുത്ത സോന്ദോയെയും ക്ലാസനെ അക്കൗണ്ട് തുറക്കും മുന്‍പും പുറത്താക്കി താക്കൂര്‍ വീണ്ടും ദക്ഷിണാഫ്രിക്കയ്‌ക്ക് പ്രഹരമേല്‍പിച്ചു. ഇതോടെ 22-5 എന്ന മോശം സ്‌കോറിലേക്ക് ദക്ഷിണാഫ്രിക്ക കൂപ്പുകുത്തുകയായിരുന്നു. 14 ഓവര്‍ പിന്നിടുമ്പോള്‍ മുത്തുസാമിയും മുല്‍ഡറുമാണ് ക്രീസില്‍. 

ശുഭ്‌മാന്‍ ഗില്ലാണ് ഇന്ത്യ എയെ നയിക്കുന്നത്. കരുതല്‍ താരമായി ടീമില്‍ ഉള്‍പ്പെടുത്തിയ ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയ്‌ക്ക് ഇന്ത്യ അവസരം നല്‍കി. എന്നാല്‍ കൃഷ്‌ണപ്പ ഗൗതം കളിക്കുന്നുണ്ട്. സൂപ്പര്‍ താരം ലുംഗി എൻഗിഡി ദക്ഷിണാഫ്രിക്കന്‍ നിരയിലുണ്ട്. കാര്യവട്ടത്ത് നടന്ന ഏകദിന പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കിയിരുന്നു.