തിരുവനന്തപുരം: കാര്യവട്ടം സ്‌പോര്‍‌ട്‌സ് ഹബ്ബില്‍ ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ എയ്‌ക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 47 ഓവറില്‍ ആറ് വിക്കറ്റിന് 327 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ ശിവം ദുബെയും അക്ഷാര്‍ പട്ടേലിന്‍റെ വെടിക്കെട്ടുമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക എ ഇന്ത്യയെ ബാറ്റിംഗിനയച്ചപ്പോള്‍ ഓപ്പണര്‍മാരായ റുതുരാദ് ഗെയ്‌ക്‌വാദും ശുഭ്‌മാന്‍ ഗില്ലും 54 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഗെയ്‌ക്‌വാദ് 10 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഗില്‍ 46 റണ്‍സെടുത്തു. അന്‍മല്‍പ്രീത് സിംഗ് 29 റണ്‍സില്‍ പുറത്തായി. നാലാം വിക്കറ്റില്‍ മനീഷ് പാണ്ഡെയും ഇഷാന്‍ കിഷനും ചേര്‍ന്ന കൂട്ടുകെട്ട് നിര്‍ണായകമായി. 

പാണ്ഡെ 39ഉം ഇഷാന്‍ 37ഉം ക്രുനാല്‍ 14 റണ്‍സുമെടുത്തു. ഏഴാം വിക്കറ്റില്‍ ശിവം ദുബെ- അക്ഷാര്‍ പട്ടേല്‍ കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച ടോട്ടലിലെത്തിച്ചത്. ദുബെ 60 പന്തില്‍ 79 റണ്‍സും അക്ഷാര്‍ 36 പന്തില്‍ 60 റണ്‍സുമെടുത്തപ്പോള്‍ ഇന്ത്യ 300 കടന്നു. ഇരുവരും പുറത്താകാതെ 121 റണ്‍സാണ് ചേര്‍ത്തത്. ദക്ഷിണാഫ്രിക്കയ്‌ക്കായി ഹെന്‍‌ഡ്രിക്‌സും ഫോര്‍ട്യൂനും രണ്ട് വിക്കറ്റ് വീതം നേടി.