തിരുവനന്തപുരം: ഇന്ത്യ- ദക്ഷിണാഫ്രിക്ക എ ടീമുകളുടെ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് കാര്യവട്ടം സ്‌പോർട്സ് ഹബ്ബ് സ്റ്റേഡിയത്തിൽ തുടക്കമാവും. രാവിലെ 9.30നാണ് കളി തുടങ്ങുക. നാലാം ഗെയിറ്റിലൂടെ രാവിലെ 8.30 മുതല്‍ കാണികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ശുഭ്മാൻ ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്. 

മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇല്ല. ആന്ധ്രയുടെ കെ എസ് ഭരത്താണ് വിക്കറ്റ് കീപ്പ‍ർ. ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുന്ന ഭരത്തിന്‍റെ പ്രകടനം സെലക്ടർമാർ സൂക്ഷ്മമായി വിലയിരുത്തും. അൻമോൽപ്രീത് സിംഗ്, റിക്കി ഭൂയി, ഷ‍ർദുൽ താക്കൂർ, ശിവം ദബേ, വിജയ് ശങ്കർ, മുഹമ്മദ് സിറാജ് തുടങ്ങിയവർ ടീമിലുണ്ട്. 

ഐഡൻ മർക്രാം ആണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. ലുംഗി എൻഗിഡിയാണ് ടീമിലെ പ്രധാനതാരം. രണ്ടാം ടെസ്റ്റ് ഈമാസം പതിനേഴ് മുതൽ മൈസൂരുവിൽ നടക്കും. കാര്യവട്ടത്ത് നടന്ന ഏകദിന പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കിയിരുന്നു.