തിരുവനന്തപുരം: കാര്യവട്ടത്ത് അനൗദ്യോഗിക ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരെ ഇന്ത്യ എയ്‌ക്ക് വ്യക്തമായ മുന്‍തൂക്കം. ദക്ഷിണാഫ്രിക്കയുടെ 164 റണ്‍സിന് മറുപടിയായി ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 303 റണ്‍സ് നേടി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റിന് 125 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. അഞ്ച് വിക്കറ്റ് അവശേഷിക്കേ ലീഡ് നേടാന്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് 14 റണ്‍സ് കൂടി വേണം. 

നായകന്‍ ശുഭ്‌മാന്‍ ഗില്‍(90), കേരള രഞ്ജി താരം ജലജ് ‌സക്‌സേന(61*) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ സക്‌സേനയ്‌ക്കൊപ്പം കരകയറ്റിയ ശര്‍ദ്ദുല്‍ ഠാക്കൂറിന്റെയും(34) ഇന്നിംഗ്സും നിര്‍ണായകമായി. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 100 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. എങ്കിഡിയും പിഡ്‌റ്റും മൂന്ന് വിക്കറ്റ് വീതം നേടി. 

139 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ തുടക്കത്തിലെ ഇന്ത്യ പിടിച്ചുകെട്ടി. ഓപ്പണര്‍മാരായ മലാനും മര്‍ക്രാമും നാല് റണ്‍സ് വീതമെടുത്ത് പുറത്തായി. ഹംസ 44 റണ്‍സെടുത്തപ്പോള്‍ സോന്ദോയ്‌ക്കും മുത്തുസാമിക്കും തിളങ്ങാനായില്ല. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ 35 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന ക്ലാസനിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. 12 റണ്‍സുമായി മുള്‍ഡറാണ് കൂട്ട്. നദീം രണ്ടും ഠാക്കൂറും സിറാജും ഗൗതവും ഓരോ വിക്കറ്റ് നേടി.