തിരുവനന്തപുരം: കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ മൂന്നാം ഏകദിനവും ജയിച്ച് ഇന്ത്യ എയ്‌ക്ക് അഞ്ച് മത്സരങ്ങളുടെ പരമ്പര. മഴമൂലം മുപ്പത് ഓവര്‍ വീതമായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ 207 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 13 പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റിനാണ് ജയിച്ചത്. അര്‍ധ സെഞ്ചുറി നേടിയ നായകന്‍ മനീഷ് പാണ്ഡെയാണ്(59 പന്തില്‍ 81) ഇന്ത്യയുടെ വിജയശില്‍പി. സ്‌കോര്‍: ദക്ഷിണാഫ്രിക്ക എ-207/8 (30 Overs), ഇന്ത്യ എ- 208/6 (27.5 Overs).

ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദ് ഒരു റണ്ണില്‍ പുറത്തായപ്പോള്‍ 40 റണ്‍സെടുത്ത ഇഷാന്‍ കിഷനും മനീഷ് പാണ്ഡെയും ചേര്‍ന്ന് ഇന്ത്യയ്‌ക്ക് അടിത്തറപാകി. റിക്കി ഭുവി(0), ക്രുനാല്‍ പാണ്ഡ്യ(13) എന്നിവര്‍ക്കും തിളങ്ങാനായില്ല. പാണ്ഡെക്ക് ശേഷമെത്തിയ നിതീഷ് റാണ 13 റണ്‍സില്‍ പുറത്തായപ്പോള്‍ കഴിഞ്ഞ മത്സരത്തിലെ മികവ് തുടര്‍ന്ന ശിവം ദുബെ(45*) ഇന്ത്യയെ ജയത്തിലെത്തിച്ചു. ഇന്ത്യ വിജയിക്കുമ്പോള്‍ ദുബെക്കൊപ്പം അക്ഷാറായിരുന്നു(7*) ക്രീസില്‍. 

കാര്യവട്ടത്ത് ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ 30 ഓവറില്‍ എട്ട് വിക്കറ്റിന് 207 റണ്‍സ് നേടി. 21 പന്തില്‍ 44 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ജന്നേമന്‍ മലാന്‍ (37), മാത്യൂ ബ്രീറ്റ്‌സ്‌കെ (36), തെംബ ബവൂമ (27), ഖയ സോണ്ടോ (21) എന്നിവരും നിര്‍ണായക സംഭാവന നല്‍കി. ഇന്ത്യക്ക് വേണ്ടി ക്രുനാല്‍ പാണ്ഡ്യയും ദീപക് ചാഹറും രണ്ട് വിക്കറ്റ് വീതവും ഷാര്‍ദുല്‍ ഠാകൂറും യൂസ്‌വേന്ദ്ര ചാഹലും ഓരോ വിക്കറ്റും നേടി.