തിരുവനന്തപുരം: ഇന്ത്യ എയ്‌ക്കെതിരെ നാലാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക എ ബാറ്റിങ് ആരംഭിച്ചു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. നനഞ്ഞ ഔട്ട്ഫീല്‍ഡ് കാരണം മത്സരം 43 ഓവറാക്കി ചുരുക്കിയിട്ടുണ്ട്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 25 റണ്‍സെടുത്തിട്ടുണ്ട്. 

വിക്കറ്റിന് പിന്നില്‍ മലയാളി താരം സഞ്ജു സാംസണ് അവസരം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്. മികച്ച പ്രകടനം പുറത്തെടുത്താല്‍ ദേശീയ ടീമില്‍ അവസരം ലഭിക്കാനുള്ള സാധ്യതയുണ്ട്. അഞ്ച് മത്സരങ്ങളുടെ പരമ്പര ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. 

അവസാന രണ്ട് ഏകദിനങ്ങള്‍ക്ക് മറ്റൊരു ടീമിനെയാണ് ഇന്ത്യ പരീക്ഷിക്കുന്നത്. ഇന്ത്യയുടെ സീനിയര്‍ ടീം ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമിലുണ്ട്. ഇന്ത്യയുടെ പ്ലയിങ് ഇലവന്‍ താഴെ...

ഇന്ത്യ എ ടീം: ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, പ്രശാന്ത് ചോപ്ര, നിതീഷ് റാണ, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ശിവം ദ്യുബെ, വാഷിങ്ടണ്‍ സുന്ദര്‍, തുഷാര്‍ ദേശ്പാണ്ഡെ, ഇശാന്‍ പോറല്‍, രാഹുല്‍ ചാഹര്‍.