റാഞ്ചി: ദേവ്ധര്‍ ട്രോഫിയില്‍ പാര്‍ത്ഥിവ് പട്ടേല്‍ നയിച്ച ഇന്ത്യ ബിക്ക് കിരീടം. ഇന്ത്യ സിയെ 51 റണ്‍സിന് പരാജയപ്പെടുത്തിയാണ് ബി ടീം കിരീടം നേടിയത്. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യ ബി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്‍ നയിച്ച ഇന്ത്യ സിക്ക് മറുപടി ബാറ്റിങ്ങില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുക്കാനാണ് സാധിച്ചത്.

86 റണ്‍സെടുത്ത കേദാര്‍ ജാദവിന്റെ ഇന്നിങ്‌സാണ് ഇന്ത്യ ബിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. യഷസ്വി ജയ്‌സ്വാള്‍ (54), വിജയ് ശങ്കര്‍ (33 പന്തില്‍ 45), കെ ഗൗതം (10 പന്തില്‍ 35) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യ സിക്ക് വേണ്ടി ഇഷാന്‍ പോറല്‍ അഞ്ച് വിക്കറ്റെടുത്തു. 

മറപടി ബാറ്റിങ്ങില്‍ ഇന്ത്യ സിക്ക് വേണ്ടി 74 റണ്‍സെടുത്ത പ്രിയം ഗാര്‍ഗ് മാത്രമാണ് തിളങ്ങിയത്. അക്‌സര്‍ പട്ടേല്‍ (38), ജലജ് സക്‌സേന (പുറത്താവാതെ 37) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഷഹ്ബാസ് നദീമിന്റെ നാല് വിക്കറ്റ് പ്രകടനമാണ് ഇന്ത്യ സിയെ തകര്‍ത്തത്.