സഞ്ജുവിനെയും ഷാർദുൽ ഠാക്കൂറിനെയുമാണ് ഇന്ത്യ പുറത്തിരുത്തിയത്. ഇവർക്ക് പകരം ദീപക് ഹൂഡ, ദീപക് ചാഹർ എന്നിവർ ഇടംപിടിച്ചു.

ഹാമി‍ൽട്ടൻ: ന്യൂസീലൻഡ‍ിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റു ചെയ്യുന്നു. സഞ്ജു സാംസൺ ഇല്ലാതെയാണ് ടീം ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങിയത്. മഴമൂലം തടസ്സപ്പെട്ട മത്സരത്തിൽ 4.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 22 എന്ന നിലയിലാണ്. സഞ്ജുവിനെയും ഷാർദുൽ ഠാക്കൂറിനെയുമാണ് ഇന്ത്യ പുറത്തിരുത്തിയത്. ഇവർക്ക് പകരം ദീപക് ഹൂഡ, ദീപക് ചാഹർ എന്നിവർ ഇടംപിടിച്ചു. ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ന്യൂസീലൻഡ‍് ടീമിൽ ഒരു മാറ്റമുണ്ട്. ആദം മിൽനെയ്ക്കു പകരം മൈക്കൽ ബ്രേസ്‌വെൽ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചു. കഴിഞ്ഞ മത്സരത്തിൽ 38 പന്തിൽ 36 റൺസ് സഞ്ജു നേടിയിരുന്നു. ശ്രേയസ് അയ്യരുമായി ചേർന്ന് ഉയർത്തിയ 94 റൺസിന്റെ കൂട്ടുകെട്ട് മത്സരത്തിൽ നിർണായകമായി. 50 ഓവറിൽ ഏഴുവിക്കറ്റിന് 306 റൺസെടുത്തെങ്കിലും ഏഴുവിക്കറ്റിന് ന്യൂസിലൻഡിനായിരുന്നു ജയം. ഈ കളിയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി റിഷഭ് പന്തിനെ നിലനിര്‍ത്തി. കഴിഞ്ഞ മത്സരത്തില്‍ 15 റണ്‍സായിരുന്നു പന്ത് നേടിയത്.

നേരത്തെ ബം​ഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പര ടീമിലും സഞ്ജു സാംസണെ ഉൾപ്പെടുത്തിയിരുന്നില്ല. 17 അം​ഗ ടീമിൽ റിഷഭ് പന്തും ഇഷാൻ കിഷനും ഇടം പിടിച്ചെങ്കിലും സഞ്ജു പുറത്തായി. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് ടീമിനെ പ്രഖ്യാപിച്ചത്. രണ്ട് ചതുർദിന മത്സരങ്ങൾക്കുള്ള എ ടീമിനെയും പ്രഖ്യാപിച്ചു. മലയാളി താരം രോഹൻ കുന്നുമ്മൽ എ ടീമിൽ ഇടംപിടിച്ചു. ന്യൂസിലാൻഡിനെതിരെയുള്ള ടി20 പരമ്പരക്കുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഫോമിലല്ലാത്ത പന്തിനെ മാറ്റി സഞ്ജുവിനെ കളിപ്പിക്കണമെന്ന് മുന്‍താരങ്ങള്‍ അടക്കം ആവശ്യപ്പെട്ടിരുന്നെങ്കിലും മാനേജ്മെന്‍റ് ചെവിക്കൊണ്ടില്ല.