ശുഭ്മാന്‍ ഗില്‍ (52), ധ്രുവ് ജുറെല്‍ (39) എന്നിവരാണ് ക്രീസില്‍ ഉറച്ചുനിന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. രോഹിത് ശര്‍മ (55)യാണ് ടോപ് സ്‌കോറര്‍.

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്. റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിന്റെ വിജയം നേടിയതോടെയാണ് ഒരു മത്സരം കൂടി ശേഷിക്കെ ഇന്ത്യ പരമ്പര (3-1) നേടിയത്. നാലാം ടെസ്റ്റില്‍ 192 റണ്‍സ് വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് മുന്നോട്ടുവച്ചത്. ഇന്ത്യ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ശുഭ്മാന്‍ ഗില്‍ (52), ധ്രുവ് ജുറെല്‍ (39) എന്നിവരാണ് ക്രീസില്‍ ഉറച്ചുനിന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. രോഹിത് ശര്‍മ (55)യാണ് ടോപ് സ്‌കോറര്‍. സ്‌കോര്‍: ഇന്ത്യ 307, 192 & ഇംഗ്ലണ്ട് 353, 145. നേരത്തെ, ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് 145ന് അവസാനിച്ചിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ആര്‍ അശ്വിന്‍, നാല് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവ് എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.

വിക്കറ്റ് നഷ്ടമില്ലാതെ 20 എന്ന നിലയില്‍ നാലാംദിനം ആരംഭിച്ച ഇന്ത്യക്ക് ഇന്ന് ആദ്യം യശസ്വി ജയ്‌സ്വാളിന്റെ (37) വിക്കറ്റാണ് നഷ്ടമാകുന്നത്. ജോ റൂട്ടിന്റെ പന്തില്‍ ജെയിംസ് ആന്‍ഡേഴ്‌സണായിരുന്നു ക്യാച്ച്. ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം 84 നേടിയ ശേഷമാണ് ജയ്‌സ്വാള്‍ മടങ്ങിയത്. പിന്നാലെ രോഹിത്തും മടങ്ങി. 55 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടോം ഹാര്‍ട്‌ലിയെ ക്രീസിന് വെളിയിലിറങ്ങി കളിക്കാനുള്ള ശ്രമത്തിനിടെ വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. രജത് പാടിദാര്‍ (0), രവീന്ദ്ര ജഡേജ (4), സര്‍ഫറാസ് ഖാന്‍ (0) എന്നിവര്‍ വന്നത് പോലെ മടങ്ങി. മൂന്ന് വിക്കറ്റുകളും ബഷീറിനായിരുന്നു. ഇതില്‍ സര്‍ഫറാസ് ഗോള്‍ഡന്‍ ഡക്കായി. ഇതോടെ അഞ്ചിന് 120 എന്ന നിലയിലായി ഇന്ത്യ. ഇംഗ്ലണ്ട് ആധിപത്യം നേടുകയും ചെയ്തു. എന്നാല്‍ ജുറെല്‍ - ഗില്‍ കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഷൊയ്ബ് ബഷീര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

പഴയ ബാഴ്‌സ കൂട്ടുകെട്ട് മിന്നി! രക്ഷകനായി മെസി; ലാ ഗാലിക്‌സിക്കെതിരെ ഇന്‍റര്‍ മയാമിക്ക് സമനില - ഗോള്‍ വീഡിയോ

46 റണ്‍സിന്റെ ആത്മവിശ്വാസത്തില്‍ തകര്‍ത്തടിക്കാന്‍ ക്രീസിലെത്തിയ ഇംഗ്ലണ്ടിനെ ഞെട്ടിച്ചാണ് ഇന്ത്യ തുടങ്ങിയത്. സ്പിന്നര്‍മാരുമായി ബൗളിംഗ് ഓപ്പണ്‍ ചെയ്ത ഇന്ത്യക്കായി ആര്‍ അശ്വിന്‍ അഞ്ചാം ഓവറിലെ അവസാന രണ്ട് പന്തുകളിലായി ബെന്‍ ഡക്കറ്റിനെയും(15),ഒലി പോപ്പിനെയും(0) വീഴ്ത്തി ഇരുട്ടടി നല്‍കി. ആദ്യ ഇന്നിംഗ്‌സിലെ സെഞ്ചുറി വീരന്‍ ജോ റൂട്ടായിരുന്നു പിന്നീട് അശ്വിന്റെ ഇര. റൂട്ടിനെ(11) വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന്‍ മൂന്നാം വിക്കറ്റ് നേടുമ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡില്‍ 65 റണ്‍സെ ഉണ്ടായിരുന്നുള്ളു. ജോണി ബെയര്‍‌സ്റ്റോയും സാക് ക്രോളിയും ചേര്‍ന്ന് പ്രത്യാക്രമണം തുടങ്ങിയതോടെ ഇന്ത്യ ഒന്ന് പതറി.

എന്നാല്‍ കുല്‍ദീപ് യാദവ് സാക് ക്രോളിയെയും(6) നായകന്‍ ബെന്‍ സ്റ്റോക്‌സിനെയും(4) വീഴ്ത്തിയതോടെ ഇന്ത്യ തിരിച്ചുവന്നു. ചായക്ക് ശേഷമുള്ള ആദ്യ പന്തില്‍ അവസാന പ്രതീക്ഷയായ ജോണി ബെയര്‍‌സ്റ്റോയും(30) വീണതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷ അവസാനിച്ചു. ടോം ഹാര്‍ട്ലിയെയും(7), ഒലി റോബിന്‍സണെയും(1) വീഴ്ത്തിയ കുല്‍ദീപ് ഇംഗ്ലണ്ട് തകര്‍ച്ച വേഗത്തിലാക്കിയപ്പോള്‍ പ്രതിരോധിച്ചു നിന്ന ബെന്‍ ഫോക്‌സിനെയും (17) ജെയിംസ് ആന്‍ഡേഴ്‌സണെയും വീഴ്ത്തി അശ്വിന്‍ ഇംഗ്ലണ്ട് ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. ഷൊയ്ബ് ബഷീറും(1*) പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിനെതിരെ വീണ്ടും 'ഓട്ടക്കാലണ'! എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവൂലെന്ന് രജത് പാടീദാര്‍ - ട്രോള്‍

നേരത്തെ 219-7 എന്ന സ്‌കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് 90 റണ്‍സടിച്ച ധ്രുവ് ജുറെലിന്റെ പോരാട്ടമാണ് കരുത്തായത്. വാലറ്റക്കാരെ കൂട്ടുപിടിച്ച് ഇംഗ്ലണ്ട് ലീഡ് 50ല്‍ താഴെ എത്തിച്ച ജുറെല്‍ ലഞ്ചിന് തൊട്ടു മുമ്പ് അവസാന ബാറ്ററായാണ് പുറത്തായത്. മൂന്നാം ദിനം ക്രീസിലിറങ്ങുമ്പോള്‍ ഇംഗ്ലണ്ട് 134 റണ്‍സിന്റെ ലീഡുണ്ടായിരുന്നു. മൂന്നാം ദിനം ആദ്യ മണിക്കൂറില്‍ വിക്കറ്റ് കളയാതെ പിടിച്ചു നിന്ന കുല്‍ദീപ് യാദവും ധ്രുവ് ജുറെലും ചേര്‍ന്നാണ് ഇന്ത്യയെ 250 കടത്തിയത്. പിന്നീട് ആകാശ് ദീപിന്റെ പിന്തുണയില്‍ ഇംഗ്ലണ്ട് ലീഡ് കുറക്കാന്‍ ധ്രുവ് ജുറെലിനായി. ഇംഗ്ലണ്ടിനായി ഓഫ് സ്പിന്നര്‍ ഷുയൈബ് ബഷീര്‍ 119 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ആന്‍ഡേഴ്‌സണ്‍ രണ്ടും ടോം ഹാര്‍ട്ലി മൂന്നും വിക്കറ്റെടുത്തു.