പരിശീലക സ്ഥാനത്തേക്ക് ഗംഭീര്‍ മാത്രമാണ് അപേക്ഷിച്ചതെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗൗതം ഗംഭീറിന് പുറമെ മറ്റൊരു മുന്‍ താരത്തെ കൂടി ബിസിസിഐ ഉപദേശക സമിതി അഭിമുഖം നടത്തി. മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇന്ത്യന്‍ വനിതാ ടീമിന്‍റെ പരിശീലകനുമായിരുന്ന ഡബ്ല്യു വി രാമനാണ് ഇന്നലെ അശോക് മല്‍ഹോത്ര, ജതിന്‍ പരഞ്ജ്പെ, സുലക്ഷണ നായിക്ക് എന്നിവരടങ്ങിയ ബിസിസിഐ ഉപദേശക സമിതി സൂം കോളിലൂടെ അഭിമുഖം നടത്തിയത്.
പരിശീലക സ്ഥാനത്തേക്ക് ഗംഭീര്‍ മാത്രമാണ് അപേക്ഷിച്ചതെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ഗംഭീറിനെ സൂം കോള്‍ വഴി അഭിമുഖം നടത്തിയശേഷമായിരുന്നു രാമനെ ഉപദേശക സമിതി അഭിമുഖം നടത്തിയത്. 40 മിനിറ്റോളം നീണ്ടുനിന്ന അഭിമുഖത്തില്‍ രാമന്‍ ഇന്ത്യന്‍ ടീമിനായുള്ള തന്‍റെ മാര്‍ഗരേഖ അവതരിപ്പിച്ചു.
അഭിമുഖം പൂര്‍ത്തിയായിട്ടില്ലെന്നും തുടര്‍ ചര്‍ച്ചകള്‍ ഇന്നും തുടരുമെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.അതേസമയം, സെലക്ഷന്‍ കമ്മിറ്റിയിലെ ഒഴിവ് വരുന്ന ഒരു സ്ഥാനത്തേക്കായി മൂന്ന് മുന്‍ താരങ്ങളെയും ഇന്നലെ ഉപദേശക സമിതിക്ക് അഭിമുഖം നടത്തി. മിഥുന്‍ മന്‍ഹാസ്, അജയ് രത്ര, റിതീന്ദര്‍ സിങ് സോഥി എന്നിവരാണ് സെലക്ടറാവാനായി അഭിമുഖത്തിൽ പങ്കെടുത്തത്.
അതിനിടെ മുഖ്യ പരിശീലകനാകുമെന്ന് കരുതുന്ന ഗൗതം ഗംഭീര്‍ തന്‍റെ സപ്പോര്‍ട്ട് സ്റ്റാഫുകളായി ബിസിസിഐക്ക് മുമ്പാകെ വെച്ച പേരുകളും പുറത്തുവന്നു. ഫീല്‍ഡിംഗ് പരിശീലകനായി ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം ജോണ്ടി റോഡ്സിന്‍റെ സേവനം ലഭിക്കുമോ എന്ന് പരിശോധിക്കണമെന്ന് ഗംഭീര്‍ ബിസിസിഐയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പരിശീലക ചുമതല ഏറ്റെടുക്കുകയാണെങ്കില്‍ സപ്പോര്‍ട്ട് സ്റ്റാഫുകളായി താന്‍ നിര്‍ദേശിക്കുന്നവര്‍ വേണമെന്ന് ഗംഭീര്‍ ബിസിസിഐക്ക് മുമ്പാകെ ഉപാധി വെച്ചിരുന്നു. അതുപോലെ ടെസ്റ്റ്, ഏകദിന, ടി20 ഫോര്‍മാറ്റുകള്‍ക്ക് മൂന്ന് വ്യത്യസ്ത ടീമുകളെന്ന ഗംഭീറിന്‍റെ നിര്‍ദേശവും ബിസിസിഐ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. ഇതോടെ ഇംഗ്ലണ്ട് ടീമിനെ പോലെ ഇന്ത്യക്ക് മൂന്ന് ഫോര്‍മാറ്റിലും മൂന്ന് വ്യത്യസ്ത ടീമുകളായിരിക്കും ഉണ്ടാകുക എന്നാണ് സൂചന.
