സിഡ്നി: ഓസ്ട്രേലിയക്ക് മികച്ച റെക്കോര്‍ഡുള്ള ബ്രിസ്ബേനില്‍ കളിക്കാന്‍ പേടിയായതുകൊണ്ടാണ് കൊവിഡ് പ്രോട്ടോക്കോളിന്‍റെ പേര് പറഞ്ഞ് ഇന്ത്യ നാലാം ടെസ്റ്റ് കളിക്കാതിരിക്കാന്‍ ശ്രമിക്കുന്നതെന്ന് ഓസീസ് മുന്‍ താരം ബ്രാഡ് ഹാഡിന്‍. കൊവിഡ് രൂക്ഷമായ സിഡ്നിയില്‍ നിന്ന് എത്തുന്നതിനാല്‍ ബ്രിസ്ബേനില്‍ കര്‍ശനമായ ക്വാറന്‍റൈന്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യന്‍ താരങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു.

സിഡ്നി ഉള്‍പ്പെടുന്ന ന്യൂസൗത്ത് വെയില്‍സില്‍ നിന്നുള്ള റോഡ് മാര്‍ഗമുള്ള അതിര്‍ത്തികള്‍ ക്വീന്‍സ്ല‌ന്‍ഡ് അടച്ചെങ്കിലും ക്രിക്കറ്റ് താരങ്ങള്‍ക്ക് ബ്രിസ്ബേനില്‍ എത്താന്‍ തടസമില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബ്രിസ്ബേനില്‍ എത്തിയാല്‍ കളിക്കാര്‍ക്ക് ഹോട്ടലില്‍ നിന്ന് കളിക്കളത്തിലേക്കും തിരിച്ചും മാത്രമെ യാത്ര ചെയ്യാനാവൂ എന്നും കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായിരിക്കുമെന്നും പ്രാദേശിക ഭരണകൂടം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഓസ്ട്രേലിയയില്‍ എത്തി 14 ദിവസം ക്വാറന്‍റീനില്‍ കഴിഞ്ഞതിനാല്‍ ഇനിയും ക്വാറന്‍റീനില്‍ കഴിയാനാവില്ലെന്നാണ് ഇന്ത്യന്‍ ടീം അംഗങ്ങളുടെ നിലപാട്. ഈ പശ്ചാത്തലത്തിലാണ് ഹാഡിന്‍റെ പരാമര്‍ശം.
ബ്രിസ്ബേനിലെ ഗാബയില്‍ ഓസീസിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല. കാരണം 1988നുശേഷം ഓസീസ് ഇവിടെ ഒരു ടെസ്റ്റ് തോറ്റിട്ടില്ല. സാധാരണഗതിയില്‍ ഓസ്ട്രേലിയ സീസണ്‍ തുടങ്ങുന്നത് ഗാബയിലെ ടെസ്റ്റോടെയാണ്. ഇത്തവണ ആ പതിവ് തെറ്റി. ഇന്ത്യയാകട്ടെ ഇവിടെ കളിച്ച ആറ് ടെസ്റ്റില്‍ അഞ്ചിലും തോറ്റു. ഒരു സമനില മാത്രമാണ് ഇന്ത്യക്കുള്ളത്. ഈ റെക്കോര്‍ഡാണ് ഇന്ത്യയെ പേടിപ്പിക്കുന്നത്. അതുകൊണ്ടാണ് അവര്‍ ഗാബയില്‍ കളിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നത്-ഹാഡിന്‍ പറഞ്ഞു.

ക്വാറന്‍റീന്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ കഴിയില്ലെന്ന കാരണത്താല്‍ ഒരു ടെസ്റ്റ് മത്സരത്തിന്‍റെ വേദി മാറ്റാനാവില്ലെന്നും ഹാഡിന്‍ വ്യക്തമാക്കി. ബ്രിസ്ബേന്‍ ഉള്‍പ്പെടുന്ന ക്വീന്‍സ്‌ലന്‍ഡിലെ ശക്തമായ കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ഇന്ത്യന്‍ ടീം നാലാം ടെസ്റ്റിനായി ബ്രിസ്ബേനിലേക്ക് പോകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.