റണ്‍സ് അടിസ്ഥാനത്തില്‍ വിന്‍ഡീസിനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും വലിയ രണ്ടാമത്തെ വിജയം കൂടിയാണിത്. 2018ല്‍ മുംബൈയില്‍ നേടിയ 224 റണ്‍സിന്റെ വിജയമമാണ് ഒന്നാമത്.
ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തില്‍ 200 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ നേടിയത്. പരീക്ഷണ ടീമിനെ ഇറക്കിട്ടും ഇന്ത്യക്ക് ജയിക്കാനായിരുന്നു. ശുഭ്മാന്‍ ഗില്‍ (85), ഇഷാന്‍ കിഷന്‍ (77), ഹാര്‍ദിക് പാണ്ഡ്യ (70), സഞ്ജു സാംസണ്‍ (51) എന്നിവര്‍ തകര്‍ത്തടിച്ചപ്പോള്‍ 351 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 151ന് പുറത്തായി. ഷാര്‍ദുല്‍ ഠാക്കൂര്‍ നാലും മുകേഷ് കുമാര്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. 39 റണ്‍സുമായി പുറത്താവാതെ നിന്ന ഗുഡകേഷ് മോട്ടിയാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.
റണ്‍സ് അടിസ്ഥാനത്തില്‍ വിന്‍ഡീസിനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും വലിയ രണ്ടാമത്തെ വിജയം കൂടിയാണിത്. 2018ല്‍ മുംബൈയില്‍ നേടിയ 224 റണ്‍സിന്റെ വിജയമമാണ് ഒന്നാമത്. രണ്ടാമത്തേത് കഴിഞ്ഞ ദിവസം ട്രിനിഡാഡിലേതും. 2007ല്‍ വഡോദരയില്‍ 160 റണ്‍സിന് ജയിച്ചതും പട്ടികയിലുണ്ട്. 2011ല്‍ ഇന്‍ഡോറില്‍ 153 റണ്‍സിന് ജയിച്ചതാണ് നാലാമത്. ഏതെങ്കിലും ഒരു ടീമിനെതിരെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ ഏകദിന പരമ്പര സ്വന്തമാക്കുന്ന ടീമുകൂടിയായി ഇന്ത്യ.
വിന്‍ഡീസിനെതിരെ തുടര്‍ച്ചയായ 13-ാം ഏകദിന പരമ്പരയാണിത്. 2007 മുതല്‍ 2023 വരെയുള്ള കണക്കാണിത്. ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ രണ്ടാം സ്ഥാനത്ത്. സിംബാബ്‌വെയ്‌ക്കെതിരെ 1996 മുതല്‍ 2021 വരെ 11 ഏകദിന പരമ്പരകള്‍ സ്വന്തമാക്കി. മൂന്നാം സ്ഥാനത്തും ഇന്ത്യയും പാകിസ്ഥാനും പങ്കിടുകയാണ്. പാകിസ്ഥാന്‍ 1999 മുതല്‍ 2022 വരെ വിന്‍ഡീസിനെതിരെ 10 ഏകദിന പരമ്പരകള്‍ ജയിച്ചു. ഇന്ത്യ 2007 മുതല്‍ ശ്രീലങ്കയ്‌ക്കെതിരെ ഇത്രയും തന്നെ പരമ്പരകള്‍ ജയിച്ചുവരുന്നു.
ഇന്നലെ ഇന്ത്യ 351 റണ്‍സ് നേടിയിട്ടും ഒരു താരവും സെഞ്ചുറി നേടിയിരുന്നില്ല. ഇത്തരത്തില്‍, ടീമിലെ ഒരുതാരം പോലും സെഞ്ചുറി നേടാതെ ഇന്ത്യ പടുത്തുയര്‍ത്തുന്ന ഏറ്റവും വലിയ സ്‌കോറാണിത്. 005 ശ്രീലങ്കയ്‌ക്കെതിരെ നാഗ്പൂരില്‍ നേടിയ ആറിന് 350 എന്ന സ്‌കോറാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും മറികടന്നത്. 2004ല്‍ പാകിസ്ഥാനെതിരെ കറാച്ചില്‍ നേടിയ ഏഴിന് 349 എന്ന സ്‌കോര്‍ മൂന്നാം സ്ഥാനത്തായി. അതേവര്‍ഷം , ബംഗ്ലാദേശിനെതിരെ ധാക്കയില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 348 റണ്‍സ് നേടാനും ഇന്ത്യക്കായിരുന്നു.

