Asianet News MalayalamAsianet News Malayalam

മൂന്ന് വിക്കറ്റ് കൂടി പിഴുത് ഇംഗ്ലീഷ് ബൗളര്‍മാര്‍; നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ ലീഡ് 200 കവിഞ്ഞു

ഇപ്പോള്‍ 230 റണ്‍സിന്റെ രണ്ടാം ഇന്നിംഗ്‌സ് ലീഡാണ് ഇന്ത്യക്കുള്ളത്. ഇന്ന് രവീന്ദ്ര ജഡേജ (17), അജിന്‍ക്യ രഹാനെ (0), വിരാട് കോലി (44) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

India in frontfoot against England in fourth test
Author
London, First Published Sep 5, 2021, 5:47 PM IST

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ ലീഡ് 200 കടന്നു. ഓവലില്‍ നാലാംദിനം ലഞ്ചിന് പിരിയുമ്പോള്‍ ആറിന് 329 എന്ന നിലയിലാണ് ഇന്ത്യ. റിഷഭ് പന്ത് (16), ഷാര്‍ദുല്‍ താക്കൂര്‍ (11) എന്നിവരാണ് ക്രീസില്‍. ഇപ്പോള്‍ 230 റണ്‍സിന്റെ രണ്ടാം ഇന്നിംഗ്‌സ് ലീഡാണ് ഇന്ത്യക്കുള്ളത്. ഇന്ന് രവീന്ദ്ര ജഡേജ (17), അജിന്‍ക്യ രഹാനെ (0), വിരാട് കോലി (44) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഒല്ലി റോബിന്‍സണ്‍, ക്രിസ് വോക്‌സ് എന്നിവര്‍ ഇംഗ്ലണ്ടിനായി ഓരോ വിക്കറ്റ് വീഴ്ത്തി.

മൂന്നിന് 270 എന്ന നിലയിലാണ് ഇന്ത്യ നാലാംദിനം ആരംഭിച്ചത്. എന്നാല്‍ ഈ സ്‌കോറിനോട് 14 റണ്‍സ് കൂട്ടിച്ചേര്‍ത്തയുടനെ ആദ്യ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. വോക്‌സിന്റെ പന്തില്‍ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. പിന്നാലെയെത്തിയ രഹാനെ ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. റണ്‍സൊന്നുമെടുക്കാതെ താരം പവലിയനില്‍ തിരിച്ചെത്തി. വോക്‌സ് തന്നെയാണ് താരത്തെ മടക്കിയത്. കോലിക്കും അധികം അയുസുണ്ടായിരുന്നില്ല. മൊയിന്‍ അലിയുടെ പന്തില്‍ സ്ലിപ്പില്‍ ക്രെയ്ഗ് ഓവര്‍ടണിന് ക്യാച്ച് നല്‍കി. ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിങ്‌സ്.

നേരത്തെ സെഞ്ചുറി നേടിയ രോഹിത് ശര്‍മ (127)യാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ചേതേശ്വര്‍ പൂജാര (61), കെ എല്‍ രാഹുല്‍ (46) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മൂവരുടേയും വിക്കറ്റ് ഇന്നലെ ഇന്ത്യക്ക് നഷ്ടമായിരുന്നു. വോക്‌സിനും റോബിന്‍സണിനും പുറമെ ജയിംസ് ആന്‍ഡേഴ്‌സണ്‍, മൊയീന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 191ന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 290 റണ്‍സാണ് നേടിയത്. 99 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുണ്ടായിരുന്നു ഇംഗ്ലണ്ടിന്.

Follow Us:
Download App:
  • android
  • ios