Asianet News MalayalamAsianet News Malayalam

അണ്ടര്‍ 19 വനിതാ ലോകകപ്പ്: ശ്വേതയ്ക്ക് അര്‍ധ സെഞ്ചുറി; ന്യൂസിലന്‍ഡിന്റെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ആദ്യ ക്യാപ്റ്റന്‍ ഷെഫാലി വര്‍മയുടെ (10) വിക്കറ്റ് നഷ്ടമായിരുന്നു. അപ്പോള്‍ 33 റണ്‍സ് മാത്രമായിരുന്നു സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. എന്നാല്‍ ശ്വേത- സൗമ്യ തിവാരി (26 പന്തില്‍ 22) സഖ്യം ഇന്ത്യയെ വിജയത്തിനടുത്തെത്തിച്ചു.

India into final of U19 Women T20 World Cup  after win over New Zealand
Author
First Published Jan 27, 2023, 4:10 PM IST

കേപ്ടൗണ്‍: പ്രഥമ അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍. ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 14.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ശ്വേത സെഹ്രാവതാണ് (45 പന്തില്‍ പുറത്താവാതെ 61) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നേരത്തെ, മൂന്ന് വിക്കറ്റ് നേടിയ പര്‍ഷവി ചോപ്രയാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്. ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ മത്സരത്തിലെ വിജയികളെ ഇന്ത്യ ഫൈനലില്‍ നേരിടും. 

വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ആദ്യ ക്യാപ്റ്റന്‍ ഷെഫാലി വര്‍മയുടെ (10) വിക്കറ്റ് നഷ്ടമായിരുന്നു. അപ്പോള്‍ 33 റണ്‍സ് മാത്രമായിരുന്നു സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. എന്നാല്‍ ശ്വേത- സൗമ്യ തിവാരി (26 പന്തില്‍ 22) സഖ്യം ഇന്ത്യയെ വിജയത്തിനടുത്തെത്തിച്ചു. എന്നാല്‍ സൗമ്യക്ക് വിജയത്തിന് മുന്നെ മടങ്ങേണ്ടി വന്നു. പിന്നാലെ ഗൊങ്കടി തൃഷയെ (5) കൂട്ടുപിടിച്ച് ശ്വേത ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇതിനിടെ ശ്വേത അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 45 പന്തില്‍ എട്ട് ഫൊറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ശ്വേതയുടെ ഇന്നിംഗ്‌സ്.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡിന്  35 റണ്‍സെടുത്ത ജോര്‍ജിയ പ്ലിമ്മറുടെ ഇന്നിംഗ്‌സാണ് ആശ്വാസമായത്. തുടക്കത്തിലെ കിവീസിന് തിരിച്ചടിയേറ്റു. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ അന്ന ബ്രൗണിങിനെ(1) നഷ്ടമായി. മന്നത് കശ്യപിനായിരുന്നു വിക്കറ്റ്. മൂന്നാം ഓവറില്‍ മറ്റൊരു ഓപ്പണറായ എമ്മ മക്ലോയ്ഡും(2) മടങ്ങിയതോടെ ന്യൂസിലന്‍ഡ് 5-2ലേക്ക് വീണു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ജോര്‍ജിയ പ്ലിമ്മറും ഇസബെല്ല ഗേസും ഒത്തുചേര്‍ന്നതോടെ കിവീസ് സ്‌കോര്‍ ബോര്‍ഡിന് അനക്കം വെച്ചു.

ഇരുവരും ചേര്‍ന്ന് കിവീസിനെ മികച്ച സ്‌കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും തകര്‍ത്തടിച്ച ഗേസിനെ (22 പന്തില്‍ 26) മടക്കി പര്‍ഷവി ആദ്യ വിക്കറ്റ് നേടി. കിവീസ് സ്‌കോര്‍ ബോര്‍ഡില്‍ 42 റണ്‍സെ ഉണ്ടായിരുന്നുള്ളു അപ്പോള്‍. പിന്നീടെത്തിയ ക്യാപ്റ്റന്‍ ഇസി ഷാര്‍പ്പിനും(13) ക്രീസില്‍ അധികം ആയുസുണ്ടായില്ല. 14 പന്തില്‍ 13 റണ്‍സെടുത്ത ഷാര്‍പ്പിനെയും പിന്നാലെയെത്തി എമ്മ ഇര്‍വിന്‍(3), കേറ്റ് ഇര്‍വിന്‍(2) എന്നിവരെയും മടക്കിയ പര്‍ഷവി കിവീസിന്റെ നടുവൊടിച്ചു. പിടിച്ചു നിന്ന പ്ലിമ്മറെ(32 പന്തില്‍ 35) അര്‍ച്ചനാ ദേവി വീഴ്ത്തിയതോടെ കിവീസിന്റെ പോരാട്ടം തീര്‍ന്നു.

കിവീസ് നിരയില്‍ നാലു പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. പര്‍ഷവിക്ക് പുറമെ തിദാസ് സദു, മന്നത് കശ്യപ്, ഷെഫാലി, അര്‍ച്ചന ദേവി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

സര്‍ഫ്രാസ് ഖാനെ ടീമിലെടുക്കാത്തതിന് പിന്നിലെ കാരണം തുറന്നു പറഞ്ഞ് ഇന്ത്യന്‍ സെലക്ടര്‍

Follow Us:
Download App:
  • android
  • ios