കൊല്‍ക്കത്ത: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് 27ാം ടെസ്റ്റ് സെഞ്ചുറി. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിലാണ് കോലി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. കോലിയുടെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍ 175 റണ്‍സിന്റെ ലീഡായി ഇന്ത്യക്ക്. ഇന്ന് അജിന്‍ക്യ രഹാനെ (51)യുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ബംഗ്ലാദേശ് ആദ്യ ഇന്നിങ്‌സില്‍ 106ന് എല്ലാവരും പുറത്തായിരുന്നു.

പിങ്ക് പന്തില്‍ ആദ്യ ടെസ്റ്റിനിറങ്ങിയ കോലി 159 പന്തിലാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 12 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ സെഞ്ചുറി. 124 റണ്‍സോടെ ക്രീസിലുണ്ട് ക്യാപ്റ്റന്. കോലി- രഹാനെ സഖ്യം 99 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രഹാനെയെ തയ്ജുല്‍ ഇസ്ലാമിന്റെ പന്തില്‍ ഇബാദത്ത് ഹുസൈന്‍ ക്യാച്ചെടുത്ത് പുറത്താക്കി. ഏഴ് ഫോര്‍ അടങ്ങുന്നതാണ് രഹാനെയുടെ ഇന്നിങ്‌സ്. രവീന്ദ്ര ജഡേയാണ് (10) കോലിക്ക് കൂട്ട്. 

മായങ്ക്  അഗര്‍വാള്‍ (14), രോഹിത് ശര്‍മ (21), ചേതേശ്വര്‍ പൂജാര (55) എന്നിവരുടെ വിക്കറ്റുകള്‍ ഇന്നലെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ബം്ഗ്ലാദേശിനായി ഇബാദത്ത് ഹുസൈന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.