Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ടിനെതിരായ സെമി മഴ കാരണം ഉപേക്ഷിച്ചു; ഇന്ത്യന്‍ വനിതകള്‍ ടി20 ലോകകപ്പിന്‍റെ ഫൈനലില്‍

സിഡ്‌നിയില്‍ ഇന്ത്യന്‍ സമയം രാവിലെ 9.30ന് ആരംഭിക്കേണ്ടിയിരുന്ന മത്സരത്തിന്ടോസിടാന്‍ പോലുമായില്ല.10 ഓവര്‍ വീതം എറിയാനുള്ള സാധ്യത പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

india into the finals of womens t20 world cup
Author
Sydney NSW, First Published Mar 5, 2020, 11:07 AM IST

സിഡ്നി: ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വനിതകള്‍ ടി20 വനിത ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഇംഗ്ലണ്ടിനെതിരായ സെമി മഴകാരണം ഉപേക്ഷിച്ചതോടെയാണ് ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ടീം ഫൈനലില്‍ ഇടം നേടിയത്. സിഡ്‌നിയില്‍ ഇന്ത്യന്‍ സമയം രാവിലെ 9.30ന് ആരംഭിക്കേണ്ടിയിരുന്ന മത്സരത്തിന്ടോസിടാന്‍ പോലുമായില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ടീമിനെ ഫൈനലിന് പരിഗണിക്കുകയായിരുന്നു. പ്രാഥമിക റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ ഇന്ത്യ കളിച്ച നാല് മത്സരങ്ങളും ജയിച്ചിരുന്നു. എട്ട് പോയിന്റാണ് ടീമിനുള്ളത്. എന്നാല്‍ ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളാണ് ജയിച്ചത്. ആറ് പോയിന്റാണ് ഇംഗ്ലീഷ് വനിതകളുടെ അക്കൗണ്ടില്‍. കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ഇന്ത്യയെ ഇംഗ്ലണ്ട് തോല്‍പ്പിച്ചിരുന്നു.

10 ഓവര്‍ വീതം എറിയാനുള്ള സാധ്യത പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം. സെമി ഫൈനലിന് റിസര്‍വ് ദിനവും ഉണ്ടായിരുന്നില്ല. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മില്‍ നടക്കേണ്ട രണ്ടാംസെമിയും മഴ ഭീഷണിയിലാണ്. ഇതേ ഗ്രൗണ്ടില്‍ ഉച്ചകഴിഞ്ഞ് 1.30നാണ് ഈ മത്സരം ആരംഭിക്കേണ്ടത്. മത്സരം ഉപേക്ഷിച്ചാല്‍ ദക്ഷിണാഫ്രിക്ക ഫൈനലിന് നേരിട്ട് യോഗ്യത നേടും.

india into the finals of womens t20 world cup

ഗ്രൂപ്പ് എയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് പോയിന്റാണുള്ളത്. മൂന്ന് മത്സരങ്ങള്‍ അവര്‍ ജയിച്ചപ്പോള്‍ ഒരു മത്സരം മഴ കാരണം ഉപേക്ഷിക്കുകയായിരുന്നു. മാര്‍ച്ച് എട്ടിന് വനിതാ ദിനത്തില്‍ മെല്‍ബണിലാണ് ഫൈനല്‍ നടക്കുക. ടി20 ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാമതുളള ഷെഫാലി വര്‍മ, വിക്കറ്റുവേട്ടയില്‍ ഒന്നാമതുള്ള പൂനം യാദവ് എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

Follow Us:
Download App:
  • android
  • ios