റായ്പൂര്‍: ഇതിഹാസ താരങ്ങള്‍ അണിനിരക്കുന്ന റോഡ് സേഫ്റ്റി സീരിസിന് ഇന്ന് തുടക്കമാകും. ഇന്ത്യ ലെജന്‍ഡ്‌സും ബംഗ്ലാദേശ് ലെജന്‍ഡ്‌സും തമ്മില്‍ രാത്രി ഏഴ് മണിക്കാണ് ആദ്യ ടി20 മത്സരം. സച്ചിനെയും സെവാഗിനെയും യുവ്‌രാജിനെയും സഹീറിനെയുമൊക്കെ ഒരുവട്ടം കൂടി കളിക്കളത്തില്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ടൂര്‍ണമെന്റിന്റെ ബാക്കി മത്സരങ്ങളാണ് പൂര്‍ത്തിയാക്കുക.  

മഹാരാഷ്ട്ര റോഡ് സേഫ്റ്റി സെല്‍ സംഘടിപ്പിക്കുന്ന റോഡ് സേഫ്റ്റി ക്രിക്കറ്റ് സീരിസിലൂടെ വിവിധ രാജ്യങ്ങളിലെ ഇതിഹാസങ്ങള്‍ ഒന്നിക്കും. രാത്രി 7 മണിക്ക് ഛത്തീസ്ഗഡിലെ റായ്പൂരിലാണ് ആദ്യ ട്വന്റി 20 മത്സരം. സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഇന്ത്യ ലെജന്‍ഡ്‌സിനെ നയിക്കുന്നത്. ബംഗ്ലാദേശ് ലെജന്‍സിനെ മുഹമ്മദ് റഫീഖ് നയിക്കും. വീരേന്ദര്‍ സെവാഗ്, യുവ്‌രാജ് സിംഗ്, സഹീര്‍ ഖാന്‍, മുഹമ്മദ് കൈഫ്, യൂസഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍ തുടങ്ങിയവരും ഇന്ത്യന്‍ ടീമിലുണ്ട്. 

ഖാലിദ് മഹ്‌മൂദ്, അബ്ദുര്‍ റസാഖ്, അഫ്താബ് അഹമ്മദ്, ഖാലിദ് മഷൂദ് തുടങ്ങിയവരെല്ലാം ബംഗ്ലാദേശ് നിരയിലുണ്ട്. നാളെ ലങ്ക ലെജന്‍ഡ്‌സ് , വെസ്റ്റ് ഇന്‍ഡീസ് ലെജന്‍ഡ്‌സുമായി ഏറ്റുമുട്ടും. ദില്‍ഷന്‍ നയിക്കുന്ന ലങ്കന്‍ ടീമില്‍, ജയസൂര്യ, അജന്ത മെന്‍ഡിസ്, റസല്‍ അര്‍നോള്‍ഡ്, ഉപുല്‍ തരംഗ തുടങ്ങിയവരുണ്ട്. 

വിന്‍ഡീസ് ലെജന്‍ഡ്‌സിനെ ബ്രയന്‍ ലാറ നയിക്കും. കെവിന്‍ പീറ്റേഴ്‌സണ്‍ ക്യാപ്റ്റനായ ഇംഗ്ലണ്ടും ജോണ്ടി റോഡ്‌സ് നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടീമും ടൂര്‍ണമെന്റിലുണ്ട്. ഈ മാസം 17നും 19നും സെമിഫൈനല്‍ മത്സരങ്ങള്‍. 21നാണ് കലാശപ്പോരാട്ടം.