മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ജയം. മെല്‍ബണില്‍ എട്ട് വിക്കറ്റിന്റെ ജയമാണ് അജിന്‍ക്യ രഹാനെയുടെ നേതൃത്വത്തിലുള്ള ടീം സ്വന്തമാക്കിയത്. രണ്ട് ഇന്നിങ്‌ലും ഓസീസിനെ വരിഞ്ഞുമുറുക്കിയ ഇന്ത്യ പരമ്പരയില്‍ 1-1ന് ഒപ്പമെത്തി. സ്‌കോര്‍: ഓസ്‌ട്രേലിയ 195, 200 & ഇന്ത്യ 326 & 70. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രതികൂല സാഹചര്യമായിരുന്നു ഓസ്‌ട്രേലിയയില്‍. സ്ഥിരം ക്യാപ്റ്റന്‍ വിരാട്, രോഹിത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരൊന്നുമില്ലാതെയാണ് ഇന്ത്യ കളിക്കാന്‍ ഇറങ്ങിയത്. അതുകൊണ്ടുതന്നെയാണ് ജയം എല്ലാംകൊണ്ടും ഇരട്ടിമധുരമാണ്.

ഓസ്‌ട്രേലിയ 200ന് കൂടാരം കയറി

ആറിന് 133 എന്ന നിലയിലാണ് ഓസീസ് നാലാം ദിനം രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചത്. എന്നാല്‍ 67 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടമായി. 45 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീനാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഓസീസ് വാലറ്റത്തെ മുഹമ്മദ് സിറാജും ആര്‍ അശ്വിനും ജസ്പ്രീത് ബുമ്രയും ചേര്‍ന്ന് ചുരുട്ടിക്കെട്ടുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അശ്വന്‍, ജഡേജ, ബുമ്ര എന്നിവര്‍ രണ്ടും ഉമേഷ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

തുടക്കം തകര്‍ന്നെങ്കിലും വിജത്തിലെത്തിച്ച് രഹാനെ- ഗില്‍ സഖ്യം

70 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ തുടക്കത്തില്‍ തന്നെ മായങ്ക് അഗര്‍വാള്‍ (5), ചേതേശ്വര്‍ പൂജാര (3) എന്നിവര്‍ കൂടാരം കയറി. ആദ്യത്തെ 5.1 ഓവറില്‍ രണ്ടിന് 19 എന്ന നിലയിലായിരുന്നു ഇന്ത്യ. മയാങ്കിനെ മിച്ചല്‍ സ്റ്റാര്‍ക്ക് ടിം പെയ്‌നിന്റെ കൈകളിലെത്തിച്ചു. പൂജാരയാവട്ടെ കമ്മിന്‍സിന്റെ പന്തില്‍ ഗ്രീനിന് ക്യാച്ച് നല്‍കി.  മറ്റൊരു കൂട്ടത്തകര്‍ച്ചയെ ഓര്‍മിപ്പിച്ചെങ്കിലും ശുഭ്മാന്‍ ഗില്‍ (35*), ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (27*) എന്നിവര്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ വിജത്തിലേക്ക് നയിച്ചു. ഏഴ് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്. രഹാനെ മൂന്ന് ബൗണ്ടറികള്‍ കണ്ടെത്തി.

കരുത്ത് കാണിച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍

ഇന്ത്യന്‍ ബൗളര്‍മാരുടെ ഓള്‍റൗണ്ട് പ്രകടനം വിജയത്തില്‍ നിര്‍ണായകമായി. ആദ്യ ഇന്നിങ്‌സില്‍ ബുമ്ര നാല് വിക്കറ്റ് നേടിയപ്പോള്‍ അശ്വിന്‍ മൂന്നും സിറാജ് രണ്ടും ജഡേജ ഒരു വിക്കറ്റും നേടി. രണ്ടാം ഇന്നിങ്‌സില്‍ സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ബുമ്രയും അശ്വിനും ജഡേജയും രണ്ട് വിക്കറ്റ് വീഴ്ത്തി. ഇങ്ങനെ രണ്ട്  ഇന്നിങ്‌സിലും ബൗളര്‍മാര്‍ ഒരുമിച്ച് നിന്നപ്പോള്‍ ഓസീസിന് രണ്ട് ഇന്നിങ്‌സിലും 200ന് അപ്പുറം കടക്കാന്‍ കഴിഞ്ഞില്ല. 

രഹാനെ മാന്‍ ഓഫ് ദ മാച്ച്

ഫോമിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാണ് മാന്‍ ഓഫ് ദ മാച്ച്. ആദ്യ ഇന്നിങ്‌സില്‍ (112) സെഞ്ചുറി നേടിയ താരം രണ്ടാം ഇന്നിങ്‌സില്‍ 27 റണ്‍സുമായി പുറത്താവാതെ നിന്നു. കൂടെ താരത്തിന്റെ ക്യാപ്റ്റന്‍സിയും മികച്ചുനിന്നു. കോലിയുടെ അഭാവത്തില്‍ മുന്നില്‍ നിന്ന് രഹാനെ ക്യാപ്റ്റനായ മൂന്ന് മത്സരത്തിലും ടീമിനെ വിജയത്തിലേക്ക് നയിച്ചു.