പരാഗിന് അരങ്ങേറ്റം, പരമ്പര നഷ്ടമെന്ന നാണക്കേട് ഒഴിവാക്കാന്‍ ഇന്ത്യ; ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനം ഇന്ന്
ശിവം ദുബെയ്ക്കോ ശ്രേയസ് അയ്യര്‍ക്കോ പകരം റിയാന്‍ പരാഗ് ഏകദിന ടീമില്‍ അരങ്ങേറ്റം കുറിക്കും.
കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. മൂന്നാം ഏകദിനത്തിനിറങ്ങുമ്പോള്‍ 27 വര്‍ഷത്തിനുശേഷം ശ്രീലങ്കക്കെതിരെ ഏകദിന പരമ്പര നഷ്ടമെന്ന നാണക്കേടിന്‍റെ വക്കിലാണ് ടീം ഇന്ത്യ. ഉച്ചക്ക് 2.30ന് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന മത്സരത്തില്‍ ഇന്നും ടോസ് തന്നെയായിരിക്കും നിര്‍ണായക ഘടകം. സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും മത്സരം തത്സമയം കാണാനാകും.
മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം ടൈ ആയപ്പോള്‍ രണ്ടാം മത്സരം 32 റണ്‍സിന് ഇന്ത്യ തോറ്റു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ മികവ് കാട്ടുമ്പോഴും മധ്യനിരയുടെ സ്ഥിരതയില്ലായ്മയാണ് ഇന്ത്യയുടെ തലവേദന. ഏകദിന ടീമില്‍ തിരിച്ചെത്തി ശ്രേയസ് അയ്യരും കെ എല്‍ രാഹുലും ഇതുവരെ ഫോമിലായിട്ടില്ല. വിരാട് കോലിയാകട്ടെ തന്‍റെ പതിവ് ഫോമിന്‍റെ അടുത്തൊന്നുമല്ല. സ്പിന്നര്‍മാര്‍ക്കെതിരെ പതറുന്ന മധ്യനിരയില്‍ പ്രതീക്ഷയായിരുന്ന ശിവം ദുബെ ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തി.
ഈ സാഹചര്യത്തില്‍ ബാറ്റിംഗ് നിരയില്‍ ഇന്ന് മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. ശിവം ദുബെയ്ക്കോ ശ്രേയസ് അയ്യര്‍ക്കോ പകരം റിയാന്‍ പരാഗ് ഏകദിന ടീമില്‍ അരങ്ങേറ്റം കുറിക്കും. സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ചില്‍ റിയാന്‍ പരാഗിനെ പാര്‍ട്ട് ടൈം സ്പിന്നറായും ഉപയോഗിക്കാനാവും. ബൗളിംഗ് നിരയിലും ഇന്ന് മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. ആദ്യ രണ്ട് കളികളിലും നിരാശപ്പെടുത്ത മുഹമ്മദ് സിറാജിനോ അര്‍ഷ്ദീപ് സിംഗിനോ പകരം ഖലീല്‍ അഹമ്മദ് ഇന്ന് പ്ലേയിംഗ് ഇലവനിലെത്തിയേക്കും. സ്പിന്‍ ഓള്‍ റൗണ്ടര്‍മാരായി അക്സര്‍ പട്ടേലും വാഷിംഗ്ടണ്‍ സുന്ദറും ടീമില്‍ തുടരും. ഓപ്പണിംഗില്‍ രോഹിത്-ശുഭ്മാന്‍ ഗില്‍ സഖ്യം തുടരുമ്പോള്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് കെ എല്‍ രാഹുലിന് പകരം റിഷഭ് പന്തിന് അവസരം നല്‍കാനും സാധ്യതയുണ്ട്.
ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ/റിഷഭ് പന്ത്, റിയാൻ പരാഗ്, വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക