ആദ്യ രണ്ട് കളിയും ജയിച്ച ഇന്ത്യ നേരത്തേ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. പരമ്പര തൂത്തുവാരനാണ് രോഹിത് ശര്‍മയുടെ (Rohit Sharma) ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. ആശ്വാസ ജയത്തിനായി കെയ്‌റോന്‍ പൊള്ളാര്‍ഡിന്റെ (Kieron Pollard) വിന്‍ഡീസ്. 

കാല്‍ക്കത്ത: ഇന്ത്യ- വിന്‍ഡീസ് (IND vs WI) മൂന്നാം ടി20 ഇന്ന് കൊല്‍ക്കത്തയില്‍ നടക്കും. ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴിനാണ് മത്സരം. ആദ്യ രണ്ട് കളിയും ജയിച്ച ഇന്ത്യ നേരത്തേ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. പരമ്പര തൂത്തുവാരനാണ് രോഹിത് ശര്‍മയുടെ (Rohit Sharma) ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. ആശ്വാസ ജയത്തിനായി കെയ്‌റോന്‍ പൊള്ളാര്‍ഡിന്റെ (Kieron Pollard) വിന്‍ഡീസ്. 

വിരാട് കോലിക്കും റിഷഭ് പന്തിനും വിശ്രമം അനുവദിച്ചതിനാല്‍ ഇന്ത്യന്‍ ടീമില്‍ മാറ്റം ഉറപ്പ്. രോഹിത്തിനൊപ്പം റുതുരാജ് ഗെയ്ക്‌വാദ് (Ruturaj Gaikwad) ഇന്നിംഗ്‌സ് തുറക്കാനെത്തും. ഇതോടെ ഇഷാന്‍ കിഷന്‍ (Ishan Kishan) മധ്യനിരയിലേക്കിറങ്ങും. കോലിക്ക് പകമെത്തുക കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പുതിയ നായകന്‍ ശ്രേയസ് അയ്യര്‍. ഈ വര്‍ഷത്തെ ട്വന്റി 20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യ ടീമില്‍ മറ്റ് പരീക്ഷണങ്ങളും നടത്തിയേക്കും. 

വെങ്കടേഷ് അയ്യര്‍ക്ക് പകരം ദീപക് ഹൂഡയും ദീപക് ചഹറിന് പകരം ഷാര്‍ദുല്‍ ഠാക്കൂറും ഭുവനേശ്വര്‍ കുമാറിന് പകരം ആവേശ് ഖാനും യുസ്‌വേന്ദ്ര ചഹലിന് പകരം കുല്‍ദീപ് യാദവും പരിഗണനയില്‍. വിന്‍ഡീസ് ടീമില്‍ മാറ്റത്തിന് സാധ്യതയില്ല. ബാറ്റര്‍മാരുടെ മങ്ങിയ പ്രകടനമാണ് കരീബിയന്‍ ടീമിന്റെ പ്രതിസന്ധി. അന്തരീക്ഷിത്തില്‍ ഈര്‍പ്പമുള്ളതിനാല്‍ ടോസ് നേടുന്ന ടീം ബൗളിംഗ് തിരഞ്ഞെടുക്കും.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, റിതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ഷാര്‍ദുല്‍ ഠാക്കൂര്‍, ഹല്‍ഷല്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, രവി ബിഷ്‌ണോയ്. 

വിന്‍ഡീസിനെതിരായ പരമ്പരയ്ക്ക് ശേഷം ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയാണ് ഇന്ത്യ കളിക്കുക. ഇതിനുള്ള ടീം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വിരാട് കോലിക്കും റിഷഭ് പന്തിനും വിശ്രമം അനുവദിച്ചപ്പോള്‍ സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ എന്നിവരെ ടീമിലേക്ക് തിരിച്ചുവിളിച്ചു.

രോഹിത് ശര്‍മ നായകനാകുന്ന ടീമില്‍ ജസ്പ്രീത് ബുമ്രയാണ് വൈസ് ക്യാപ്റ്റന്‍. റുതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് ബാറ്റര്‍മാരായുള്ളത്. ഓള്‍ റൗണ്ടറായി വെങ്കടേഷ് അയ്യര്‍, രവീന്ദ്ര ജഡേജ, ഹര്‍ഷല്‍ പട്ടേല്‍, എന്നിവരാണുള്ളത്. ബൗളര്‍മാരായി ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍കുമാര്‍, ദീപക് ചാഹര്‍, മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ് എന്നിവരാണുള്ളത്.

നേരത്തെ പ്രഖ്യാപിച്ച മത്സരങ്ങളുടെ വേദിയിലും ബിസിസിഐ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ഷെഡ്യൂള്‍ അനുസരിച്ച് ടി20 പരമ്പരയിലെ ആദ്യ മത്സരം ലഖ്‌നൗവിലും രണ്ടാമത്തെയും മൂന്നാമത്തെ മത്സരങ്ങള്‍ ധര്‍മശാലയിലുമാകും നടക്കുക. നേരത്തെ അവസാന രണ്ട് ടി20 മത്സരങ്ങള്‍ക്കായിരുന്നു ലഖ്‌നൗ വേദിയാവേണ്ടിയിരുന്നത്. മൊഹാലിയില്‍ നടത്താനിരുന്ന ടി20 മത്സരമാണ് ധര്‍മശാലയിലേക്ക് മാറ്റിയത്.