ഇന്‍ഡോര്‍: ഇൻഡോർ ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ കൂറ്റൻ സ്കോർ ലക്ഷ്യമിട്ട് രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തിരിച്ചടി. രണ്ടാം ദിനം ആദ്യം തന്നെ ഇന്ത്യയുടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. അര്‍ധ സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര ആദ്യം വീണപ്പോള്‍ പിന്നാലെയെത്തിയ നായകന്‍ വിരാട് കോലി പൂജ്യത്തിന് പുറത്തായി.

ഒരു വിക്കറ്റിന് 86 റൺസ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ ടീം ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 128 ന് മൂന്ന് എന്ന നിലയിലാണ്. 58 റൺസുമായി മായങ്ക് അഗർവാളും 8 റണ്‍സുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസിൽ. ആറ് റൺസെടുത്ത രോഹിത് ശർമ്മ ഇന്നലെ പുറത്തായപ്പോള്‍ 54 റണ്‍സ് നേടിയാണ് പൂജാര പുറത്തായത്. മൂന്ന് വിക്കറ്റ് നേടിയ അബു ജായേദാണ് ഇന്ത്യന്‍ മുന്‍നിരയെ പിടിച്ചുകെട്ടിയത്.

നേരത്തേ ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിങ്‌സ് 150 റണ്‍സില്‍ അവസാനിച്ചിരുന്നു. മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് ബംഗ്ലാദേശിന്‍റെ തകര്‍ച്ച വേഗത്തിലാക്കിയത്. ഇശാന്ത് ശര്‍മ, ആര്‍ അശ്വിന്‍, ഉമേഷ് യാദവ് എന്നിവര്‍ രണ്ടും വിക്കറ്റും വീഴ്ത്തി. 43 റണ്‍സ് നേടിയ മുഷ്ഫിഖര്‍ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.

അതിനിടെ ഇന്ത്യയില്‍ മാത്രം 250 വിക്കറ്റുകള്‍ എന്ന നേട്ടം അശ്വിന്‍ സ്വന്തമാക്കി. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. കൊല്‍ക്കത്തയില്‍ പകലും രാത്രിയുമായിട്ടാണ് രണ്ടാം ടെസ്റ്റ്. നേരത്തെ ടി20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു.