Asianet News MalayalamAsianet News Malayalam

ഐസിസി റാങ്കിങ്ങില്‍ ഓസ്‌ട്രേലിയയുടെ തിരിച്ചുവരവ്; ടെസ്റ്റില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി

116 പോയിന്റോടെയാണ് പുതിയ റാങ്കിങില്‍ ഓസീസ് ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ഒരു പോയിന്റ് മാത്രം പിറകിലായി ന്യൂസിലാന്‍ഡ് തൊട്ടുതാഴെയുണ്ട്. 114 പോയിന്റാണ് മൂന്നാമതുള്ള ഇന്ത്യയുടെ സമ്പാദ്യം.

India lost first spot in ICC test ranking after three and half years
Author
Dubai - United Arab Emirates, First Published May 1, 2020, 2:57 PM IST

ദുബായ്: ഐസിസി ടെസറ്റ് റാങ്കിങ്ങില്‍ ഇന്ത്യക്ക് ഒന്നാംസ്ഥാനം നഷ്ടമായി. മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ ഒന്നാംറാങ്ക് കുത്തകയാക്കി വച്ചിരുന്ന സ്ഥാനം ഓസ്‌ട്രേലിയക്ക് കൈമാറേണ്ടിവന്നു. രണ്ടാം സ്ഥാനവും ഇന്ത്യക്ക് ലഭിച്ചില്ല. ഐസിസി പുതിയ റാങ്കിംഗ് പ്രകാരം മൂന്നാം സ്ഥാനത്താണ് ഇന്ത്യ. കോലിപ്പടയ്‌ക്കെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ന്യൂസിലന്‍ഡാണ് രണ്ടാമത്. 2016 ഒക്ടോബറിനു ശേഷം ഇതാദ്യമായാണ് ഇന്ത്യക്ക് തലപ്പത്തു നിന്നു താഴേക്കു ഇറങ്ങേണ്ടി വന്നത്.

116 പോയിന്റോടെയാണ് പുതിയ റാങ്കിങില്‍ ഓസീസ് ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ഒരു പോയിന്റ് മാത്രം പിറകിലായി ന്യൂസിലാന്‍ഡ് തൊട്ടുതാഴെയുണ്ട്. 114 പോയിന്റാണ് മൂന്നാമതുള്ള ഇന്ത്യയുടെ സമ്പാദ്യം. ഒരു പോയിന്റ് മാത്രമാണ് അവര്‍ തമ്മിലുള്ള വ്യത്യാസം. 2019 മെയ് മുതലുള്ള ടെസ്റ്റുകളിലെ പ്രകടനത്തിന്റെ 100 ശതമാനവും കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രകടനത്തിന്റെ 50 ശതമാനം പരിഗണിച്ചാണ് ഐസിസി പുതിയ റാങ്കിങ് പ്രഖ്യാപിച്ചത്. 

ന്യൂസിലന്‍ഡുമായുള്ള പരമ്പരയില്‍ അടിയറവ് പറഞ്ഞെങ്കിലും ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ തന്നെയാണ് ഇപ്പോഴും ഒന്നാംസ്ഥാനത്ത്. 360 പോയിന്റാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. 64 പോയിന്റിന്റെ ലീഡ് ഇപ്പോള്‍ ഇന്ത്യക്കുണ്ട്. ഓസ്ട്രേലിയയാണ് പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ള ടീം. ലോക ചാംപ്യന്‍ഷിപ്പില്‍ ഇതുവരെ കളിച്ച പരമ്പരകളില്‍ ന്യൂസിലാന്‍ഡിനോടു മാത്രമേ ഇന്ത്യ പരാജയമേറ്റു വാങ്ങിയിട്ടുള്ളൂ.

ഇതുപോലൊരു ഫ്രാഞ്ചൈസി എന്റെ കരിയറിലുണ്ടായിട്ടില്ല; സിഎസ്‌കെയെ കുറിച്ച് ഇമ്രാന്‍ താഹിര്‍

ടെസ്റ്റില്‍ മാത്രമല്ല ഐസിസിയുടെ പുതിയ ടി20 റാങ്കിങിലും ഓസ്ട്രേലിയ ഒന്നാംസ്ഥാനത്തെത്തി. ടി20യില്‍ പാകിസ്താന്റെ കുത്തക തകര്‍ത്താണ് ഓസീസ് തലപ്പത്തേക്കുയര്‍ന്നത്. 2011ല്‍ ടി20 റാങ്കിങ് നിലവില്‍ വന്ന ശേഷം ഇതാദ്യമായാണ് ഓസീസ് ഒന്നാംസ്ഥാനത്തെത്തിയത്. ഓസീസിന് 278 പോയിന്റുണ്ട്. ഇംഗ്ലണ്ട് (268), ഇന്ത്യ (266) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 260 പോയിന്റുള്ള പാകിസ്താന്‍ നാലാമതാണ്.

ഏകദിനത്തില്‍ നിലവിലെ ലോക ചാംപ്യന്‍മാരായ ഇംഗ്ലണ്ട് പുതിയ റാങ്കിങിലും ഒന്നാംസ്ഥാനം നിലനിര്‍ത്തി. 127 പോയിന്റാണ് ഇംഗ്ലണ്ടിനുള്ളത്. 119 പോയിന്റുമായി ഇന്ത്യയാണ് രണ്ടാംസ്ഥാനത്ത്. ന്യൂസിലാന്‍ഡ് (116), ദക്ഷിണാഫ്രിക്ക (108), ഓസ്ട്രേലിയ (107) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Follow Us:
Download App:
  • android
  • ios