മെല്‍ബണ്‍: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 195ന് പറുത്ത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞടുത്തെ ഓസീസിന് തൊട്ടതെല്ലാം പിഴച്ചു. 48 റണ്‍സ് നേടിയ മര്‍നസ് ലബുഷാനെയാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. ഇന്ത്യന്‍ ബൗളര്‍മാരുടെ ഓള്‍റൗണ്ട് പ്രകടനമാണ് ഓസ്‌ട്രേലിയയെ ചെറിയ സ്‌കോറില്‍ പിടിച്ചുനിര്‍ത്തിയത്.  ജസ്പ്രീത് ബുമ്ര നാല് വിക്കറ്റ് വീഴ്ത്തി. ആര്‍ അശ്വിന്‍ മൂന്നും അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും നേടി. രവീന്ദ്ര ജഡേജയ്ക്കാണ് ഒരു വിക്കറ്റ്. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടമായി. 

തിരിച്ചടിച്ച് ഓസീസ്

ഓസ്‌ട്രേലിയയുടെ 195 -നെതിരെ ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. റണ്‍സൊന്നുമെടുക്കാതെ മായങ്ക് അഗര്‍വാളാണ് മടങ്ങിയത്. ആദ്യ ഓവറില്‍ തന്നെ താരം മടങ്ങി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. താരം റിവ്യൂ നല്‍കിയെങ്കിലും അംപയറുടെ തീരുമാനം തിരുത്താനായില്ല. 15 റണ്‍സാണ് സ്കോര്‍ ബോര്‍ഡിലുള്ളത്. അരങ്ങേറ്റക്കാരന്‍ ശുഭ്മാന്‍ ഗില്‍ (11), ചേതേശ്വര്‍ പൂജാര (4) എന്നിവരാണ് ക്രീസില്‍. 9 ഓവറുകളാണ് ആദ്യം ദിനം ബാക്കിയുള്ളത്.

മൂന്നാം സെഷനില്‍ ഓസീസ് തരിപ്പണം

മൂന്നാം സെഷന്‍ ആരംഭിക്കുമ്പോള്‍ അഞ്ചിന് 136 എന്ന നിലയിലായിരുന്നു ഓസീസ്. എന്നാല്‍ കേവലം 59 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓസീസിന് ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ കൂടി നഷ്ടമായി. കാമറൂണ്‍ ഗ്രീനിനെ (12) വിക്കറ്റിന് മുന്നില്‍ കുടുക്കി മുഹമ്മദ് സിറാജ് തകര്‍ച്ചയുടെ വേഗം കൂട്ടി. ക്യാപ്റ്റന്‍ ടിം പെയ്‌നാവട്ടെ (13) അശ്വിന്റെ പന്തില്‍ ലെഗ് സ്ലിപ്പില്‍ ഹനുമ വിഹാരിക്ക് ക്യാച്ച് നല്‍കി. 

പിന്നീടെല്ലാം ചടങ്ങ് മാത്രമായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് (7) ബുമ്രയുടെ പന്തില്‍ മുഹമ്മദ് സിറാജിന് ക്യാച്ച് നല്‍കി. വേഗത്തില്‍ റണ്‍സ് കണ്ടെത്തിയ നതാന്‍ ലിയോണ്‍ (20) ബുമ്രയുടെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങി. ജഡേജയുടെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍  സിറാജിന് ക്യാച്ച് നല്‍കി കമ്മിന്‍സും പവലിയനില്‍ തിരിച്ചെത്തി. ജോഷ് ഹേസല്‍വുഡ് (4) പുറത്താവാതെ നിന്നു. 

അരങ്ങേറ്റത്തില്‍ വിക്കറ്റ് നേടി സിറാജ്

രണ്ടാം സെഷനില്‍ ബുമ്ര, സിറാജ് എന്നിവരുടെ ബൗളിങ്ങാണ് ഇന്ത്യക്ക് മേല്‍ക്കൈ നല്‍കിയത്. ക്രീസില്‍ നിലയുറപ്പിച്ചിരുന്ന ട്രാവിഡ് ഹെഡ് (38), മര്‍നസ് ലബുഷാനെ (48) എന്നിവരെ പുറത്താക്കി മുന്‍തൂക്കം നേടാന്‍ ഇന്ത്യക്കായി. ബുമ്രയുടെ പന്തില്‍ സ്ലിപ്പില്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയ്ക്ക് ക്യാച്ച് നല്‍കിയാണ് ഹെഡ് മടങ്ങിയത്. നാല് ബൗണ്ടിറികള്‍ അടങ്ങുന്നതായിരുന്നു ഹെഡിന്റെ ഇന്നിങ്‌സ്.

ലബുഷാനെ രഹാനെ ഒരുക്കിയ കെണിയില്‍ വീഴുകയായിരുന്നു. അത്രത്തോളം മികച്ചതൊന്നുമല്ലാത്ത പന്തിലായിരുന്നു ലുഷാനെയുടെ മടക്കും. ലെഗ് സ്റ്റംപിന് പുറത്തുപോവുമായിരുന്ന പന്ത് ലബുഷാനെ ഫ്‌ളിക്ക് ചെയ്തു. എന്നാല്‍ ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ശുഭ്മാന്‍ ഗില്ലിന് ക്യാച്ച് നല്‍കി. താഴ്ന്നിറങ്ങിയ പന്ത് മുന്നോട്ടാഞ്ഞാണ് ഗില്‍ കയ്യിലൊതുക്കിയത്. ഇതോടെ അരങ്ങേറ്റത്തില്‍ തന്നെ വിക്കറ്റ് നേടാന്‍ സിറാജിന് സാധിച്ചു. ഇന്നിങ്‌സിലുടനീളം മികച്ച രീതിയിലാണ് സിറാജ് പന്തെറിഞ്ഞത്.

ആദ്യ സെഷനില്‍ മൂന്ന് വിക്കറ്റുകള്‍

തുടക്കത്തില്‍ തന്നെ ഓസ്‌ട്രേലിയ പ്രതിരോധത്തിലായി. ആദ്യ 15 ഓവറിനിടെ ഓസീസ് മൂന്നിന് 38 എന്ന നിലയിലേക്ക് വീണു. അഞ്ചാം ഓവറിലെ ജോണ്‍ ബേണ്‍സിനെ(0) വിക്കറ്റിന് പിന്നില്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ബുമ്ര ഇന്ത്യയെ തുടക്കത്തിലെ മുന്നിലെത്തിച്ചു. പിന്നീടെത്തിയ ലഷുഷാനെ കരുതലോടെയാണ് ഉമേഷ് യാദവ്- ബുമ്ര സഖ്യത്തെ നേരിട്ടത്. എന്നാല്‍ ഓപ്പണറായ മാത്യൂ വെയ്ഡ് ഏകദിന ശൈലിയിലാണ് ബാറ്റ വീശിയത്. 39 പന്തുകള്‍ നേരിട്ട താരം 30 റണ്‍സ് നേടി. എന്നാല്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെ തന്ത്രപരമാ നീക്കം ഫലം കണ്ടു. പതിനൊന്നാം ഓവറില്‍ തന്നെ മൂന്നാം പേസറായ സിറാജിനും മുമ്പെ അശ്വിനെ രഹാനെ പന്തേല്‍പ്പിച്ചു. അതിന് ഉടന്‍ ഫലവും കണ്ടു. നിലയുറപ്പിച്ചെന്ന് കരുതിയ മാത്യു വെയ്ഡിനെ(30) ജഡേജുടെ കൈകളിലെത്തിച്ച് അശ്വിന്‍ ഓസീസിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടു.

പിന്നീടായിരുന്നു ഇന്ത്യ കാത്തിരുന്ന വിക്കറ്റ്. മെല്‍ബണില്‍ തകര്‍പ്പന്‍ റെക്കോര്‍ഡുള്ള സ്റ്റീവ് സ്മിത്തിനെ (0) ലെഗ് സ്ലിപ്പില്‍ പൂജാരയുടെ കൈകകളിലെത്തിച്ച് അശ്വിന്‍ ഓസീസിനെ ഞെട്ടിച്ചു. ആദ്യ ടെസ്റ്റില്‍ സ്മിത്തിനെ ഫസ്റ്റ് സ്ലിപ്പില്‍ രഹാനെയുടെ കൈകളിലെത്തിച്ചാണ് അശ്വിന്‍ പുറത്താക്കിയത്. മൂന്നിന് 38ലേക്ക് തകര്‍ന്ന ഓസീസിനെ ലബുഷാനെ- ഹെഡ് സഖ്യമാണ് വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 86 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു. ലഞ്ചിന് തൊട്ടുമുമ്പ് അശ്വിന്‍ ലബുഷാനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയെന്ന് അമ്പയര്‍ വിധിച്ചെങ്കിലും ഡിആര്‍എസ് എടുത്ത ലബുഷാനെ രക്ഷപ്പെട്ടു.