അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ 155 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മോശം തുടക്കം. ഹാരി ടെക്റ്ററുടെ അര്‍ധസെഞ്ചുറിയില്‍ അയര്‍ലന്‍ഡ് മികച്ച സ്കോര്‍ നേടിയപ്പോള്‍, മറുപടി ബാറ്റിംഗില്‍ സഞ്ജു സാംസണും അഭിഷേക് ശര്‍മയും ആദ്യ ഓവറില്‍ തന്നെ പൂജ്യത്തിന് പുറത്തായി. പ്രിന്‍സ് യാദവ് ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ബെല്‍ഫാസ്റ്റ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 155 റണ്‍സ് വിജയലക്ഷ്യം. ബെല്‍ഫാസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡിനെ 47 പന്തില്‍ 53 റണ്‍സ് നേടിയ ഹാരി ടെക്റ്ററാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ബെഞ്ചമിന്‍ കാള്‍റ്റിസാണ് (37) മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. എട്ട് വിക്കറ്റുകള്‍ അയര്‍ലന്‍ഡിന് നഷ്ടമായി. ഇന്ത്യക്ക് വേണ്ടി പ്രിന്‍സ് യാദവ് മൂന്നും അര്‍ഷ്ദീപ് സിംഗ്, ശിവം ദുബെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. സഞ്ജു സാംസണ്‍ (0), അഭിഷേക് ശര്‍മ (0) എന്നിവര്‍ ഗോള്‍ഡന്‍ ഡക്ക് ആയി. ജയ് മൂന്ദ്രയ്ക്കാണ് രണ്ട് വിക്കറ്റുകളും. ആദ്യ ഓവറില്‍ തന്നെ ഇരുവരും മടങ്ങി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ രണ്ടിന് 13 എന്ന നിലയിലാണ്. ഇഷാന്‍ കിഷന്‍ (1), ശ്രേയസ് അയ്യര്‍ (0) എന്നിവരാണ് ക്രീസില്‍.
നേരത്തെ, മോശം തുടക്കമായിരുന്നു അയര്‍ലന്‍ഡിന് 21 റണ്‍സിനിടെ ടിം ടെക്റ്റര്‍ (5), റോസ് അഡയര്‍ (16) എന്നിവരുെട വിക്കറ്റുകള്‍ അയല്‍ലന്‍ഡിന് നഷ്ടമായി. തുടര്‍ന്ന് ഹാരി - ലോര്‍കന്‍ ടെക്റ്റര്‍ (15) സഖ്യം 27 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ലോര്‍കനെ പുറത്താക്കി പ്രിന്‍സ് യാദവ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് കാള്‍റ്റിസ് - ഹാരി സഖ്യമാണ് അയര്‍ലന്‍ഡിനെ രക്ഷിച്ചത്. ഇരുവരും 65 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 15-ാം ഓവറില്‍ കാല്‍റ്റിസ് പുറത്തായ ശേഷം മറ്റാര്‍ക്കും ഇംഗ്ലണ്ട് നിരയില്‍ തിളങ്ങാന്‍ സാധിച്ചിച്ചില്ല. ഗരെത് ഡെലാനി (0), ജോര്‍ജ് ഡോക്‌റെല്‍ (19), ലിയാം മകാര്‍ത്തി (2) എന്നിവാരാണ് പുറത്തായ മറ്റുതാരങ്ങള്‍. ജെയ്ന്‍ മൂന്ദ്ര (1) പുറത്താവാതെ നിന്നു. അവസാന ഓവറില്‍ മടങ്ങിയ ഹാരി ഒരു സിക്‌സും അഞ്ച് ഫോറും നേടി.
പരമ്പരയിലെ ആദ്യ മത്സരം തോറ്റതിനാല്‍ ഈ മത്സരം ജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനാണ് ഇന്ത്യ ഇറങ്ങുന്നത്.ഈ മത്സരം തോറ്റാല്‍ ചരിത്രത്തിലാദ്യമായി അയര്‍ലന്‍ഡിനോട് ടി20 പരമ്പര തോല്‍ക്കുന്നതിന്റെ നാണക്കേട് ഇന്ത്യയുടെ തലയിലാവും.ക്യാപ്റ്റനെന്ന നിലയില്‍ അരങ്ങേറ്റ പരമ്പരയില്‍ മികവ് കാട്ടേണ്ടത് ശ്രേയസ് അയ്യര്‍ക്കും അനിവാര്യമാണ്.
കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. വാഷിംഗ്ടണ്‍ സുന്ദറിന് പകരം സൂര്യാന്‍ഷ് ഷെഡ്‌ഗെയും പ്രസിദ്ധ് കൃഷ്ണക്ക് പകരം പ്രിന്‍സ് യാദവും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. 15കാരന്‍ വൈഭവ് സൂര്യവംശി ഇന്നും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലില്ല. മാറ്റങ്ങളൊന്നുമില്ലാതെയാണ് അയര്‍ലന്‍ഡ് ഇറങ്ങുന്നത്.
അയര്‍ലന്‍ഡ് പ്ലേയിംഗ് ഇലവന്‍: ടിം ടെക്ടര്‍, റോസ് അഡയര്‍, ഹാരി ടെക്ടര്‍, ലോര്‍ക്കന്‍ ടക്കര്‍ (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), ബെഞ്ചമിന്‍ കാലിറ്റ്‌സ്, ഗാരെത് ഡെലാനി, ജോര്‍ജ്ജ് ഡോക്രെല്‍, ലിയാം മക്കാര്‍ത്തി, മാത്യു ഹംഫ്രീസ്, ജയ് മുന്ദ്ര, മാത്യു ഹോളണ്ട്.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ശിവം ദുബെ, സൂര്യന്‍ഷ് ഷെഡ്‌ഗെ, അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, പ്രിന്‍സ് യാദവ്.

