Asianet News MalayalamAsianet News Malayalam

അവസാന ഓവറുകളില്‍ കരുണാരത്‌നെയുടെ ആക്രമണം; ലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് 263 റണ്‍സ് വിജയലക്ഷ്യം

പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ദീപക് ചാഹറും ആദ്യ സ്‌പെല്ലില്‍ വിക്കറ്റെടുക്കാന്‍ പരാജയപ്പെട്ടപ്പോള്‍ ചാഹലാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. ചാഹല്‍ ടോസ് ചെയ്തിട്ട പന്തില്‍ ഫെര്‍ണാണ്ടോ കവറില്‍ മനീഷ് പാണ്ഡെയ്ക്ക് ക്യാച്ച് നല്‍കി.

India need 263 runs to win against Sri Lanka in first ODI
Author
Colombo, First Published Jul 18, 2021, 6:56 PM IST

കൊളംബൊ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 263 റണ്‍സ് വിജയലക്ഷ്യം. കൊളംബൊ പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയെ ചാമിക കരുണാരത്‌നെ (പുറത്താവാതെ 43), ദസുന്‍ ഷനക (39), ചരിത് അസലങ്ക (38), അവിഷ്‌ക ഫെര്‍ണാണ്ടോ (32) എന്നിവരാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഒമ്പത് വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. ദീപക് ചാഹര്‍, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മിനോദ് ഭാനുക (27)- ഫെര്‍ണാണ്ടോ സഖ്യം ഭേദപ്പെട്ട തുടക്കമാണ് ലങ്കയ്ക്ക നല്‍കിയത്. ഒമ്പത് ഓവറില്‍ 49 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ അവര്‍ക്കായി. പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ദീപക് ചാഹറും ആദ്യ സ്‌പെല്ലില്‍ വിക്കറ്റെടുക്കാന്‍ പരാജയപ്പെട്ടപ്പോള്‍ ചാഹലാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. ചാഹല്‍ ടോസ് ചെയ്തിട്ട പന്തില്‍ ഫെര്‍ണാണ്ടോ കവറില്‍ മനീഷ് പാണ്ഡെയ്ക്ക് ക്യാച്ച് നല്‍കി. മൂന്നാമനായി ക്രീസിലെത്തിയ ഭാനുക രാജപക്‌സ (24), മിനോദിനൊപ്പം പിടിച്ചുനിന്നു. 

ഒരു ഘട്ടത്തില്‍ ഒന്നിന് 85 എന്ന നിലയിലായിരുന്നു ലങ്ക. എന്നാല്‍ കുല്‍ദീപ് ഒരോവറില്‍ രണ്ട് പേരെയും മടക്കിയയച്ചു. മിനോദ് പൃഥി ഷായ്ക്ക് ക്യാച്ച് നല്‍കിയിപ്പോള്‍ രാജപക്‌സ ശിഖര്‍ ധവാന്റെ കയ്യിലൊതുങ്ങി. നാലാമന്‍ ധനഞ്ജയ സിഡില്‍വ (14) ക്രുനാലിന്റെ പന്തില്‍ ഭുവനേശ്വറിന് ക്യാച്ച് നല്‍കുകയായിരുന്നു. നാലിന് 117 എന്ന നിലയിലേക്ക് വീണ ലങ്കയെ അസലങ്ക- ഷനക സഖ്യമാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. 

ഇരുവരും പുറത്തായ ശേഷം ദുഷ്മന്ത ചമീരയെ (13) കൂട്ടുപിടിച്ച് കരുണാരത്‌നെ നടത്തിയ ചെറുത്തുനില്‍പ്പാണ് സ്‌കോര്‍ 260 കടത്തിയത്. ഇതിനിടെ വാനിഡു ഹസരങ്ക (8), ഇസുരു ഉഡാന (8) എന്നിവരും പുറത്തായി. പാണ്ഡ്യ സഹോദരന്മാര്‍ ഓരോ വിക്കറ്റ് പങ്കിട്ടെടുത്തു.

നേരത്തെ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ഇരുവര്‍ക്കും അരങ്ങേറ്റമായിരുന്നു. പരിക്കിനെ തുടര്‍ന്ന് മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചില്ല. 

ടീം ഇന്ത്യ: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍.

Follow Us:
Download App:
  • android
  • ios