ഗയാനയിലെ അവസാന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലും നിരാശപ്പെടുത്തിയെങ്കിലും സൂര്യകുമാര്‍ യാദവിന്റെയും തിലക് വര്‍മ്മയുടേയും ബാറ്റിംഗ് കരുത്താണ് ഇന്ത്യക്ക് തുണയായത്.

ഫ്‌ളോറിഡ: ഇന്ത്യ - വിന്‍ഡീസ് ട്വന്റി 20 പരമ്പരയിലെ നാലാം മത്സരം നാളെ നടക്കും. അമേരിക്കയിലെ ഫ്‌ലോറിഡയില്‍ രാത്രി എട്ടിനാണ് കളിതുടങ്ങുക. പരമ്പരയില്‍ ഒപ്പമെത്താനാണ് ടീം ഇന്ത്യ. അവസാന മത്സരത്തിന് കാത്തിരിക്കാതെ പരമ്പര സ്വന്തമാക്കാന്‍ വെസ്റ്റ് ഇന്‍ഡീസ്. ഫ്‌ലോറിഡയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക് സ്റ്റേഡിയത്തില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇരുടീമിനും നിര്‍ണായകം. മൂന്നാം മത്സരത്തില്‍ ആധികാരിക വിജയം നേടിയെങ്കിലും നേരിയ സമ്മര്‍ദം ഇന്ത്യക്ക്. 

ഗയാനയിലെ അവസാന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലും നിരാശപ്പെടുത്തിയെങ്കിലും സൂര്യകുമാര്‍ യാദവിന്റെയും തിലക് വര്‍മ്മയുടേയും ബാറ്റിംഗ് കരുത്താണ് ഇന്ത്യക്ക് തുണയായത്. ജയ്‌സ്വാളിന് വീണ്ടും അവസരം നല്‍കും. അങ്ങനെയെങ്കില്‍ ഇഷാന്‍ കിഷന്‍ പുറത്തിരിക്കേണ്ടി വരും. വിക്കറ്റിന് പിന്നില്‍ സഞ്ജു സാംസണ്‍ തുടരും. ബൗളിംഗ് നിരയിലും മാറ്റത്തിന് സാധ്യതയില്ല. 

ബാറ്റര്‍മാരുടെ സ്ഥിരതയില്ലായ്മയാണ് വിന്‍ഡീസിന്റെ പ്രധാന പ്രതിസന്ധി. ബ്രാന്‍ഡന്‍ കിംഗ്, കെയ്ല്‍ മേയേഴ്‌സ്, നിക്കോളാസ് പുരാന്‍, ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ ഇന്ത്യന്‍ സ്പിന്നര്‍മാരെ അതിജീവിക്കുന്നതിന് അനുസരിച്ചായിരിക്കും വിന്‍ഡീസിന്റെ സാധ്യത. പരിക്കില്‍ നിന്ന് മുക്തനായാല്‍ ജേസണ്‍ ഹോള്‍ഡര്‍ ടീമില്‍ തിരിച്ചെത്തും. പരന്പര സ്വന്തമാക്കാന്‍ രണ്ടുംകല്‍പിച്ച് പോരാടാനാണ് കോച്ച് ഡാരന്‍ സമി താരങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ശുഭ്മാന്‍ ഗില്‍, യശസ്വി ജെയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍.