നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ടീമില്‍ എന്ത് മാറ്റം വരുത്തുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കെ എല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തിയ സാഹചര്യത്തില്‍ അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.

കൊളംബൊ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ നാളെ ആദ്യ മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ. എതിരാളി അയല്‍ക്കാരായ പാകിസ്ഥാന്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരും തമ്മിലുള്ള ആദ്യ മത്സരം മഴ മുടക്കിയിരുന്നു. ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്‌തെങ്കിലും പാകിസ്ഥാന്‍ ബാറ്റിംഗിന് ഇറങ്ങുന്നതിന് മുമ്പ് മഴയെത്തി. ഇതോടെ മത്സരം ഉപേക്ഷിക്കേണ്ടി വന്നു. നാളെ കൊളംബൊ പ്രേമദാസ സ്റ്റേഡിയത്തില്‍ മഴയില്ലാതെ മത്സരം പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍.

നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ടീമില്‍ എന്ത് മാറ്റം വരുത്തുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കെ എല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തിയ സാഹചര്യത്തില്‍ അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. എന്നാല്‍ ആരെ പുറത്തിരുത്തുമെന്നുള്ളതാണ് പ്രധാന ചോദ്യം. ബാറ്റിംഗ് പൊസിഷനില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഓപ്പണിംഗ് സ്ഥാനത്ത് തുടരും. മൂന്നാമത് വിരാട് കോലിയെത്തും. 

പാകിസ്ഥാനെതിരെ ആദ്യ മത്സരത്തില്‍ നാലാമനായി ക്രീസിലെത്തിയത് ശ്രേയസ് അയ്യരായിരുന്നു. 14 റണ്‍സ് മാത്രമെടുത്ത താരം നിരാശപ്പെടുത്തിയിരുന്നു. ലോകകപ്പ് മുന്നില്‍ നില്‍ക്കെ ഇന്ത്യയുടെ പ്രധാന താരമാണ് ശ്രേയസ്. പരിക്കില്‍ തിരിച്ചെത്തുന്ന താരത്തിന് കൂടുതല്‍ അവസരം നല്‍കുകയാണ് ടീം മാനേജ്‌മെന്റിന്റെ ലക്ഷ്യം. ശ്രേയസ് സ്ഥാനം നിര്‍ത്തിയേക്കും. ഇഷാന്‍ കിഷന്റെ സ്ഥാനമാണ് ചോദ്യം ചെയ്യപ്പെടുക. ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന കീപ്പര്‍ രാഹുലാണ്. രാഹുല്‍ തിരിച്ചെത്തുന്നതിന്റെ ഭാഗമായി കിഷനെ പുറത്തിരുത്താന്‍ സാധ്യതയേറെയാണ്. ഇവരില്‍ ഒരാള്‍ ടീമിലെത്തും. 

ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും സ്ഥാനം നിര്‍ത്തും. നേപ്പാളിനെതിരെ നന്നായി പന്തെറിഞ്ഞ മുഹമ്മദ് ഷമി തിരിച്ചെത്തിയേക്കും. അങ്ങനെ വന്നാല്‍ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്തിരിക്കും. നേപ്പാളിനെതിരായ മത്സരം നഷ്ടമായ ജസ്പ്രിത് ബുമ്ര ടീമില്‍ മടങ്ങിയെത്തും. മുഹമ്മദ് സിറാജായിരിക്കും മറ്റൊരു പേസര്‍. കുല്‍ദീപ് യാദവാണ് സെപ്ഷ്യലിസ്റ്റ് സ്പിന്നര്‍. 

ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ / കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍ / മുഹമ്മദ് ഷമി, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ്.

ബിസിസിഐ ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞു; സഞ്ജു സാംസണ്‍ അയര്‍ലന്‍ഡ് ടീമിലേക്ക്? Fact Check