ഏകദിനത്തില്‍ ആരെ ക്യാപ്റ്റനാക്കണമെന്ന കാര്യത്തിലും സെലക്ടര്‍മാര്‍ ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. കെ എല്‍ രാഹുലാകും ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കുക എന്നാണ് റിപ്പോര്‍ട്ട്.

മുംബൈ: സിംബാബ്‌വെ പര്യടനത്തിന് ശേഷം ശ്രീലങ്കയിലേക്കാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം യാത്ര തിരിക്കുക. അവിടെ മൂന്ന് വീതം ടി20 മത്സരങ്ങളും ഏകദിനങ്ങളും ഇന്ത്യ കളിക്കും. ഈ മാസം 26, 27, 29 തിയതികളിലാണ് ടി20 മത്സരങ്ങള്‍. അടുത്ത മാസം 1, 4, 7 തിയതികളില്‍ ഏകദിന മത്സരങ്ങളും നടക്കും. ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരീശിലകനായി ചുമതലയേറ്റെടുക്കുന്നതും ഈ പരമ്പരയോടെയാണ്. ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന പരമ്പരയില്‍ നിന്നും വിട്ടു നിന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ജസ്പ്രീത് ബുമ്രക്കും വിശ്രമം അനുവദിച്ചേക്കും. ഈ സാഹചര്യത്തില്‍ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലും ടി20 പരമ്പരയിലും ഇന്ത്യക്ക് പുതിയ നായകന്‍മാരെ കണ്ടെത്തേണ്ടിവരും. ടി20യില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ രോഹിത് ശര്‍മയുടെ സ്വാഭാവിക പിന്‍ഗാമിയാകുമെന്ന് വിശ്വാസയോഗ്യമായ റിപ്പോര്‍ട്ടുകളുണ്ട്. ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ മികച്ച ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്തതോടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മറ്റൊരു പേരും ഇപ്പോള്‍ ബിസിസിഐയുടെയോ സെലക്ടര്‍മാരുടെയോ മുന്നിലില്ല. 

നിസംശയം പറയാം ആധുനിക ക്രിക്കറ്റിലെ മികച്ച ഫീല്‍ഡര്‍ ഫിലിപ്‌സ് തന്നെ! അവിശ്വസനീയ ഫീല്‍ഡിംഗിന്റെ വീഡിയോ കാണാം

ഏകദിനത്തില്‍ ആരെ ക്യാപ്റ്റനാക്കണമെന്ന കാര്യത്തിലും സെലക്ടര്‍മാര്‍ ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. കെ എല്‍ രാഹുലാകും ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കുക എന്നാണ് റിപ്പോര്‍ട്ട്. ആരൊക്കെ ടീമിലെത്തുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. തലമുറ മാറ്റത്തിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ ടീം കരുത്തരായ നിരയെ തന്നെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍ സ്‌ക്വാഡില്‍ ഇടം നേടുമോ എന്നാണ് മറ്റൊരു ചോദ്യം. അവസാനം കളിച്ച ഏകദിനത്തില്‍ സഞ്ജു സെഞ്ചുറി നേടിയിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവരുടെ ഗ്രൗണ്ടിലായിരുന്നു സഞ്ജുവിന്റെ സെഞ്ചുറി അതുകൊണ്ടുതന്നെ താരത്തെ തഴയാനാവില്ല. രോഹിത്തിന്റെയും കോലിയുടേയും അഭാവത്തില്‍ ഇന്ത്യയുടെ 15 അംഗ ഏകദിന സാധ്യതാ സ്‌ക്വാഡ് എങ്ങനെയായിരിക്കുമെന്ന് നോക്കാം.

സ്‌ക്വാഡ്: യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ്മ, കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍.