മുംബൈ: ഓസ്‌ട്രേലിയയില്‍ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി തയ്യാറാവണമെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് വോ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ലോകത്തെ ഏറ്റവും മികച്ച ടീമെന്ന് തെളിയിക്കാന്‍ ഏത് ടീമിനെതിരെയും ഏത് സാഹചര്യത്തിലും ഇന്ത്യന്‍ ടീം ജയിക്കണമെന്നും വോ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിന് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കിംഗ് കോലി. 

'ഇന്ത്യയില്‍ ഞങ്ങള്‍(ടീം ഇന്ത്യ) ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് കളിച്ചിട്ടുണ്ട്. മത്സരം വിജയിക്കാനായതില്‍ സന്തോഷമുണ്ട്. ഏത് ടെസ്റ്റ് പരമ്പരയിലും ആകാംക്ഷ ജനിപ്പിക്കുന്ന മത്സരമാകും പിങ്ക് ബോളിലേത് എന്ന് മനസിലാക്കുന്നു. അതിനാല്‍ ഏത് രാജ്യത്തും പിങ്ക് പന്തില്‍ കളിക്കാന്‍ തയ്യാറാണ്. ആ വെല്ലുവിളി ഏറ്റെടുക്കുന്നു. അത് പെര്‍ത്തിലായാലും ഗാബയിലായാലും ഞങ്ങള്‍ക്കൊരു പ്രശ്‌നമല്ല. ലോകത്തെ ഏത് ടീമിനെതിരെയും ഏത് ഫോര്‍മാറ്റിലും എവിടെയും കളിക്കാന്‍ പ്രാപ്‌തമാണ് ടീം ഇന്ത്യ' എന്നും ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിന് മുന്‍പുള്ള വാര്‍ത്താസമ്മേളനത്തില്‍ കോലി മുംബൈയില്‍ പറഞ്ഞു. 

വിരാട് കോലിയെ വെല്ലുവിളിച്ച സ്റ്റീവ് വോ

'ഓസ്‌ട്രേലിയയില്‍ പകല്‍-രാത്രി ടെസ്റ്റ് കളിക്കുക സങ്കീര്‍ണമാണ്. എന്നാല്‍ ആ വെല്ലുവിളി ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഏറ്റെടുക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യും എന്നാണ് പ്രതീക്ഷ. നിലവിലെ ഏറ്റവും മികച്ച സമ്പൂര്‍ണ ടീം ഇന്ത്യയാണ്. ലോകത്തെ ഏറ്റവും മികച്ച ടീമാണെങ്കില്‍ ഏത് ടീമിനെതിരെയും ഏത് സാഹചര്യത്തിലും കോലിപ്പട ജയിക്കേണ്ടതുണ്ട്. അതിന് ടീം ഇന്ത്യ തയ്യാറാവും എന്നാണ് പ്രതീക്ഷ' എന്ന് ഓസീസ് ഇതിഹാസം സ്റ്റീവ് വോ സിഡ്‌നിയില്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഈ ആവശ്യത്തിനാണ് കോലിയുടെ ഇപ്പോഴത്തെ മറുപടി.

ഈ വര്‍ഷം അവസാനം നടക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിൽ പിങ്ക് ബോള്‍ ടെസ്റ്റ് ഉണ്ടോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. വിഷയത്തില്‍ നാളെ(ചൊവ്വാഴ്‌ച) തീരുമാനം അറിയാം എന്നാണ് പ്രതീക്ഷിക്കുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയ- ബിസിസിഐ അധ്യക്ഷന്മാര്‍ മുംബൈയിൽ നടത്തുന്ന കൂടിക്കാഴ്‌ചയിൽ വിഷയം ചര്‍ച്ചയാകും. ഇന്ത്യ- ഓസീസ് ആദ്യ ഏകദിനത്തിനിടെയാകും സൗരവ് ഗാംഗുലിയും കെവിന്‍ റോബര്‍ട്ട്സും കൂടിക്കാഴ്‌ച നടത്തുക. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരെ മാത്രമാണ് ഇന്ത്യ പകലും രാത്രിയുമായി ടെസ്റ്റ് മത്സരം കളിച്ചിട്ടുള്ളത്.