മത്സരത്തിന് തൊട്ടു മുമ്പ് പെയ്ത മഴയുടെ ആനുകൂല്യത്തില്‍ ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസ് നായകന്‍ നിക്കൊളാസ് പുരാന്‍റെ തന്ത്രം പൊളിച്ചാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ തകര്‍ത്തടിച്ച ഇരുവരും ചേര്‍ന്ന് അഞ്ചാം ഓവറില്‍ ഇന്ത്യയെ 50 കടത്തി.

ഫ്ലോറിഡ: ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് 192 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. 31 പന്തില്‍ 44 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ(33), മലയാളി താരം സഞ്ജു സാംസണ്‍ 23 പന്തില്‍ പുറത്താകാതെ 30, സൂര്യകുമാര്‍ യാദവ്(24), അക്സര്‍ പട്ടേല്‍ 8 പന്തില്‍ പുറത്താകാതെ 20 എന്നിവരും ഇന്ത്യക്കായി ബാറ്റിംഗില്‍ തിളങ്ങി. വിന്‍ഡീസിനായി അല്‍സാരി ജോസഫ് രണ്ട് വിക്കറ്റെടുത്തു.

തകര്‍പ്പന്‍ തുടക്കം

മത്സരത്തിന് തൊട്ടു മുമ്പ് പെയ്ത മഴയുടെ ആനുകൂല്യത്തില്‍ ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസ് നായകന്‍ നിക്കൊളാസ് പുരാന്‍റെ തന്ത്രം പൊളിച്ചാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ തകര്‍ത്തടിച്ച ഇരുവരും ചേര്‍ന്ന് അഞ്ചാം ഓവറില്‍ ഇന്ത്യയെ 50 കടത്തി. തൊട്ടുപിന്നാലെ അക്കീല്‍ ഹൊസൈന്‍റെ പന്തില്‍ രോഹിത്(16 പന്തില്‍ 33) ക്ലീന്‍ ബൗള്‍ഡായി. പവര്‍ പ്ലേ പിന്നിടും മുമ്പ് മികച്ച ഫോമിലായിരുന്ന സൂര്യകുമാറിനെയും(14 പന്തില്‍ 24) ഇന്ത്യക്ക് നഷ്ടമായി. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ദീപക് ഹൂഡയും റിഷഭ് പന്തും ചേര്‍ന്ന് പതിനൊന്നാം ഓവറില്‍ ഇന്ത്യയെ 100 കടത്തി.

സിക്‌സറടി മേളം; ഷാഹിദ് അഫ്രീദിയെ മറികടന്ന് രോഹിത് ശര്‍മ്മ, മുന്നില്‍ ഒരേയൊരു താരം

ഇന്ത്യന്‍ സ്കോര്‍ 100 കടന്നതിന് തൊട്ടുപിന്നാലെ ദീപക് ഹൂഡ(19 പന്തില്‍ 21) യെ മടക്കി അല്‍സാരി ജോസഫ് ഇന്ത്യക്ക് മൂന്നാം പ്രഹമേല്‍പ്പിച്ചു. അഞ്ചാമനായി ക്രീസിലെത്തിയ സ‍ഞ്ജു സാംസണും റിഷഭ് പന്തും തകര്‍ത്തടിച്ചതോടെ ഇന്ത്യ കുതിച്ചു. അല്‍സാരി ജോസഫിനെതിരെ ബൗണ്ടറിയടിച്ച് തുടങ്ങിയ സഞ്ജു തുടക്കത്തില്‍ പന്തിന് പിന്തുണ നല്‍കി കരുതലോടെ കളിച്ചു. പതിനഞ്ചാം ഓവറില്‍ ഒബേഡ് മക്കോയിയെ സിക്സറിന് പറത്തി സഞ്ജുവും ടോപ് ഗിയറിലായതോടെ ഇന്ത്യ അതിവേഗം മുന്നോട്ട് പോയി. എന്നാല്‍ അതേ ഓവറില്‍ റിഷഭ് പന്തിനെ(31 പന്തില്‍ 44) മടക്കി മക്കോയ് പ്രതികാരം വീട്ടയത് ഇന്ത്യക്ക് ക്ഷീണമായി.

അവസാന അഞ്ചോവറുകളില്‍ ക്രീസിലെത്തി ദിനേശ് കാര്‍ത്തിക്കിനൊപ്പം സഞ്ജു സ്കോര്‍ മുന്നോട്ട് നീക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ത്തിക്കിനെയും(6) നിലയുറപ്പിക്കാന്‍ അനുവദിക്കാതെ മക്കോയ് മടക്കി. പതിനാറാം ഓവറില്‍ 150 കടന്ന ഇന്ത്യക്കായി അവസാന ഓവറുകളില്‍ സഞ്ജുവിനൊപ്പം അക്സര്‍ പട്ടേലും തകര്‍ത്തടിച്ചതോടെ ഇന്ത്യ 191ല്‍ എത്തി. അവസാന ഓവറുകളില്‍ സ്ട്രൈക്ക് ലഭിക്കാതിരുന്നത് സഞ്ജുവിന് തിരിച്ചടിയായി.

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് വിന്‍ഡീസ് ഇറങ്ങുന്നത്. അതേസമം, മൂന്നാം മത്സരം കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. തുടര്‍ച്ചയായി മൂന്ന് കളികളില്‍ നിരാശപ്പെടുത്തി ശ്രേയസ് അയ്യര്‍ക്ക് പകരം മലയാളി താരം സ‍ഞ്ജു സാംസണ് ഒടുവില്‍ അന്തിമ ഇലവനില്‍ ഇടം ലഭിച്ചപ്പോള്‍ സ്പിന്നറായി അശ്വിന് പകരം രവി ബിഷ്ണോയിയും ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പകരം അക്സര്‍ പട്ടേലും അന്തിമ ഇലവനിലെത്തി.

അഞ്ച് മത്സര പരമ്പരയില്‍ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 2-1ന് പരമ്പരയില്‍ മുന്നിലാണ്. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഏകദിന പരമ്പരക്ക് പിന്നാലെ ടി20 പരമ്പരയും ഇന്ത്യക്ക് കീശയിലാക്കാം.