2026 ലെ ലോകകപ്പ് കണക്കിലെടുത്ത് സൂര്യകുമാർ യാദവിനെ നായകനാക്കണമെന്ന നി‍ർദ്ദേശം പരിശീലകൻ ഗൗതം ഗംഭീർ മുന്നോട്ട് വച്ചിരുന്നു

മുംബൈ: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപനം ഇന്നുണ്ടാകും. ടീം പ്രഖ്യാപിക്കാനായി ഇന്നലെ ചേരാനിരുന്ന സെലക്ഷൻ കമ്മിറ്റി യോഗം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഓൺലൈനായി ഇന്ന് ചേരുന്ന യോഗത്തിലാകും ടീമിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക. ഈ മാസം 27 ന് തുടങ്ങുന്ന പര്യടനത്തിൽ 3 വീതം ഏകദിനങ്ങളും ട്വന്‍റി 20 യുമാണ് ഉള്ളത്. ട്വന്‍ററി 20 ടീം നായക പദവിയിൽ ആരെത്തുമെന്നതിൽ സസ്പെൻസ് തുടരുകയാണ്. 2026 ലെ ലോകകപ്പ് കണക്കിലെടുത്ത് സൂര്യകുമാർ യാദവിനെ നായകനാക്കണമെന്ന നി‍ർദ്ദേശം പരിശീലകൻ ഗൗതം ഗംഭീർ മുന്നോട്ട് വച്ചിരുന്നു.

നിലവിലെ വൈസ് ക്യാപ്റ്റൻ ഹാർദിക് പണ്ഡ്യക്ക് ഇടയ്ക്കിടെ പരിക്കേൽക്കാറുണ്ടെന്നും എല്ലാ മത്സരത്തിലും കളിക്കാൻ കഴിയില്ലെന്നുമാണ് ഗംഭീറിന്‍റെ വാദം. ഇക്കാര്യത്തിൽ ഹാർദിക്കിന്‍റെ അഭിപ്രായം സെലക്ഷൻ കമ്മിറ്റി തേടുമെന്നാണ് സൂചന. മലയാളി താരം സഞ്ജു സാംസണിനെ രണ്ട് ടീമിലും ഉൾപ്പെടുത്തിയേക്കുമെന്നാണ് വിവരം. പരമ്പരക്കായി ഇന്ത്യൻ താരങ്ങള്‍ ഈ മാസം 22 നാണ് ശ്രീലങ്കയിലേക്ക് പോകുക.

ഹർദ്ദിക്ക് വേണ്ടെന്ന് ധാരണ?

ട്വന്‍റി 20 നായകപദവിയിൽ രോഹിത് ശ‍ർമ്മയുടെ പിന്‍ഗാമിയാകാൻ സൂര്യകുമാർ യാദവിനാണ് കൂടുതൽ സാധ്യത. ലോകകപ്പ് ടീമിൽ വൈസ് ക്യാപ്റ്റൻ ആയിരുന്നത് ഹാർദിക് പണ്ഡ്യ ആയിരുന്നെങ്കിലും സ്ഥാനക്കയറ്റം നൽകേണ്ടെന്നാണ് പുതിയ പരിശീലകൻ ഗൗതം ഗംഭീറും മുഖ്യ സെലക്ടർ അജിത് അഗാ‍ർക്കറും തമ്മിൽ നടന്ന ചർച്ചയിലെ ധാരണ. ഹർദ്ദിക്കിന്‍റെ ശാരിരികക്ഷമത സംബന്ധിച്ചുള്ള ആശയകുഴപ്പമാണ് ഇതിന് പ്രധാന കാരണം. പല പരമ്പരകളില്‍ നിന്നും വിശ്രമം നൽകേണ്ടിവരും. ഇത് ആശയക്കുഴപ്പത്തിന് കാരണം ആകുമെന്നതിനാൽ 2026 ലെ ലോകകപ്പ് വരെ സൂര്യകുമാറിനെ നായകനാക്കാമെന്നാണ് ധാരണ. ട്വന്‍റി 20 യിലെ ഒന്നാം നമ്പ‍ർ ബാറ്റർ എന്ന നിലയിൽ സൂര്യക്ക് ടീമിൽ സ്ഥാനം ഉറപ്പുമാണ്. ഇക്കാര്യം ഹാർദ്ദിക്കുമായി അഗാർക്കർ സംസാരിച്ചെന്നാണ് വിവരം. സ്റ്റാർ ഓള്‍റണ്ടറെ വിശ്വാസത്തിലെടുത്തണ് നീക്കമെന്നും സൂചനയുണ്ട്.

ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാന്‍ പുതിയ നിബന്ധനയുമായി ബിസിസിഐ; 3 താരങ്ങള്‍ക്ക് മാത്രം ഇളവ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം