ഏകദിന സ്ക്വാഡില്‍ വിക്കറ്റ് കീപ്പറായി ഇഷാന് കിഷനെയും ബിസിസിഐയുടെ സീനിയർ സെലക്ഷന്‍ കമ്മിറ്റി ഉള്‍പ്പെടുത്തിയിട്ടുണ്ട്
മുംബൈ: ഏകദിന ലോകകപ്പ് മുന്നില്‍ നില്‍ക്കേ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന് വ്യക്തമായ സൂചന നല്‍കുന്ന ടീം തെരഞ്ഞെടുപ്പ്, വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ ഏകദിന സ്ക്വാഡിലേക്ക് സഞ്ജുവിനെ തിരിച്ചുവിളിച്ച സെലക്ടർമാർ താരത്തിന് നിർണായ സൂചനകളാണ് നല്‍കുന്നത്. മടങ്ങിയെത്തിയതോടെ ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് ടൂർണമെന്‍റുകള്‍ക്കുള്ള ടീമിലും സഞ്ജുവുണ്ടാകും എന്ന് ഉറപ്പിക്കുകയാണ് ആരാധകർ. വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമുകളെ പ്രഖ്യാപിച്ചതിന് പിന്നാലെ സഞ്ജു സാംസണിനെ കുറിച്ചുള്ള ആരാധകരുടെ പ്രതികരണം ഇക്കാര്യം വ്യക്തമാക്കുന്നു.
കടുപ്പത്തില്‍ ഉപദേശം
സഞ്ജുവിന് ആശംസയും പ്രശംസകളുമായി നിരവധി ആരാധകരാണ് ട്വിറ്റർ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. സഞ്ജുവിന് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ഇതാണ് സുവർണാവസരം എന്നാണ് ആരാധകരുടെ പക്ഷം. അതിനാല്‍ 'വിക്കറ്റ് വലിച്ചെറിയരുത്' എന്ന് സഞ്ജുവിനെ ചേർത്തുനിർത്തി ഉപദേശിക്കുന്ന ആരാധകരുണ്ട്. മാത്രമല്ല, ബിസിസിഐക്കും ഒരു ഉപദേശം ആരാധകർ നല്‍കുന്നു. സഞ്ജുവിന് ഇത്തവണയെങ്കിലും ബിസിസിഐ തുടർച്ചയായ മത്സരങ്ങളില്‍ അവസരം നല്‍കണം എന്നതാണ് ഇത്.
ഏകദിന സ്ക്വാഡില്‍ വിക്കറ്റ് കീപ്പറായി ഇഷാന് കിഷനെയും ബിസിസിഐയുടെ സീനിയർ സെലക്ഷന്‍ കമ്മിറ്റി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശർമ്മയ്ക്കൊപ്പം വിരാട് കോലി, ശുഭ്മാന്‍ ഗില്‍, സൂര്യകുമാർ യാദവ് തുടങ്ങിയ താരങ്ങളെ നിലനിർത്തിയപ്പോള്‍ ഹാർദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കിയത് ലോകകപ്പ് പദ്ധതികള്‍ മുന്‍നിർത്തിയാണ് എന്ന് വ്യക്തം. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മിന്നും പ്രകടനം പുറത്തെടുത്ത റുതുരാജ് ഗെയ്‌ക്‌വാദാണ് ഏകദിന ടീമിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം. അതേസമയം പരിക്ക് പൂർണമായും ഭേദമാകാത്ത കെ എല്‍ രാഹുലിനെയും ശ്രേയസ് അയ്യരേയും ടീമിലേക്ക് പരിഗണിച്ചിട്ടില്ല. വിന്‍ഡീസിനെതിരെ മികച്ച പ്രകടനം പുറത്തെടുത്താല്‍ സഞ്ജുവിന് ഏകദിന ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ഇത് വഴിയൊരുക്കുന്നു.
എന്തുകൊണ്ട് സഞ്ജു
ഏകദിനത്തിലെ മികച്ച ബാറ്റിംഗ് റെക്കോർഡ് സഞ്ജുവിന് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. കരിയറിലെ 10 ഏകദിന ഇന്നിംഗ്സുകളില്‍ 66 ശരാശരിയില്‍ രണ്ട് അർധസെഞ്ചുറികള്‍ സഹിതം 330 റണ്‍സ് സഞ്ജുവിനുണ്ട്. ഷർദ്ദുല്‍ ഠാക്കൂർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേല്‍, യുസ്‍വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജയ്ദേവ് ഉനദ്കട്ട്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്, മുകേഷ് കുമാർ എന്നിവരാണ് ഏകദിന ടീമിലെ മറ്റ് താരങ്ങള്‍. ഇവരില്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത മുകേഷ് കുമാറിനും ഏകദിന ലോകകപ്പിന് മുമ്പ് മികവ് കാട്ടാനുള്ള അവസരമാണ് ഒരുങ്ങുന്നത്. വിന്‍ഡീസിലാണ് മത്സരങ്ങള്‍ എന്നത് അതിവേഗ പേസർ ഉമ്രാന്‍ മാലിക്കിലേക്ക് വീണ്ടും സെലക്ടർമാർ എത്താന്‍ കാരണമായി. സീനിയർ പേസർമാരായ ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവർക്ക് ഇനി പ്രതീക്ഷ വയ്ക്കേണ്ടതില്ല എന്ന സന്ദേശവും ഏകദിന ടീം പ്രഖ്യാപനത്തിലുണ്ട്.
സഞ്ജുവിനെ പ്രശംസിക്കുന്ന ട്വീറ്റുകള്‍
Read more: ലക്ഷ്യം ഏകദിന ലോകകപ്പ്; മനസില്‍ ലഡ്ഡു പൊട്ടി സഞ്ജു സാംസണ്‍, ബിസിസിഐയുടെ മനസിലിത്

