Asianet News MalayalamAsianet News Malayalam

India tour of South Africa: ഇന്ത്യക്ക് വീണ്ടും പരമ്പര നഷ്ടം

ബാറ്റിങ് നിരയുടെ പരാജയമാണ് ഇന്ത്യക്ക് പരമ്പര നഷ്ടപ്പെടുന്നതിന് പ്രധാന കാരണമായത്. ബാറ്റിങ്ങിൽ മാത്രമല്ല ഫീൽഡിങ്ങിലും സ്ഥിരത നിലനിർത്താൻ ഇന്ത്യൻ ടീമിനായില്ല

India Test series in South Africa: So near, yet so far
Author
Cape Town, First Published Jan 15, 2022, 7:28 PM IST

ഏഴു വിക്കറ്റ് ജയത്തോടെ കേപ്ടൗണിൽ ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കുമ്പോൾ ഫ്രീഡം ട്രോഫി സ്വന്തമാക്കാനുള്ള ഇന്ത്യയുടെ 29 വർഷത്തെ കാത്തിരിപ്പ് വിഫലമാവുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ മണ്ണിൽ വിജയം നേടുന്നതിനുള്ള ഇന്ത്യയുടെ മൂന്ന് പതിറ്റാണ്ടോളം നീണ്ട കാത്തിരുപ്പിന് ഇത്തവണ അവസാനമാകും എന്ന് കരുതിയവർക്ക് തെറ്റി. പരമ്പരയിലെ രണ്ടു മത്സരങ്ങൾ വിജയിച്ച് ദക്ഷിണാഫ്രിക്ക ട്രോഫി സ്വന്തമാക്കുകയായിരുന്നു. 

ഫ്രീഡം ട്രോഫി നേടുന്നതിന് ഇന്ത്യക്ക് ഏറ്റവും അധികം സാധ്യത കല്പിച്ചിരുന്ന ടൂർണമെന്റ് ആയിരുന്നു ഇത്തവണത്തേത്. ലോക ക്രിക്കറ്റിൽ മികച്ച റാങ്കിങ്ങും ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും എതിരായ മികച്ച പ്രകടനവുമായി മികച്ച ഫോമിലാണ് ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കക്ക് തിരിച്ചത്. ദക്ഷിണാഫ്രിക്കൻ ടീമിൽ പ്രശസ്തരും പരിചയസമ്പന്നരുമായ കളിക്കാർ ഇല്ലായിരുന്ന എന്നതും ഇന്ത്യക്ക് ഏറെ പ്രതീക്ഷ നൽകി. എന്നാൽ കൈയെത്തും ദൂരത്ത് വിജയം നഷ്ടപ്പെടുകയായിരുന്നു. 

India Test series in South Africa: So near, yet so far

ബാറ്റിങ് നിരയുടെ പരാജയമാണ് ഇന്ത്യക്ക് പരമ്പര നഷ്ടപ്പെടുന്നതിന് പ്രധാന കാരണമായത്. മികച്ച ബാറ്റിംഗ് നിരയുമായി ഫീൽഡിൽ ഇറങ്ങിയ ഇന്ത്യ പരിചയം തീരെ കുറഞ്ഞ ദക്ഷിണാഫ്രിക്കൻ കളിക്കാരെ മുട്ടുകുത്തിക്കും എന്നതിൽ സംശയമേ ഇല്ലായിരുന്നു. കെ എൽ രാഹുൽ, മായങ്ക് അഗർവാൾ, കോഹ്ലി, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ, ഋഷഭ് പന്ത് എന്നിങ്ങിനെ പേരെടുത്ത കളിക്കാരുടെ ഒരു നിരയുമായാണ് ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങിയത്. ആദ്യ ടെസ്റ്റിൽ രാഹുലും മയാങ്കും നന്നായി കളിച്ചു എങ്കിലും പിന്നീടുള്ള കളികളിൽ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്. പൂജാരയും രഹാനയും ഫോമിൽ അല്ലായിരുന്നതും ബാറ്റിംഗ് നിരയുടെ പ്രകടനത്തെ ബാധിച്ചു. തന്റെ സ്വതസിദ്ധമായ ശൈലിക്ക് വിരുദ്ധമായി കൂടുതൽ ഡിഫൻസീവ് ആയി കളിക്കുവാൻ കോഹ്ലി തീരുമാനിച്ചതും വിനയായി. ഇതോടൊപ്പം പന്തിന്റെ പക്വതയില്ലായ്മകൂടി ചേർന്നതോടെ ഇന്ത്യൻ ബാറ്റിംഗ് നിര പരാജയപ്പെടുകയായിരുന്നു. 

ബാറ്റിങ്ങിൽ മാത്രമല്ല ഫീൽഡിങ്ങിലും സ്ഥിരത നിലനിർത്താൻ ഇന്ത്യൻ ടീമിനായില്ല. സീരീസിൽ ഏതാണ്ട് ഒൻപത് ക്യാച്ചുകളാണ് ഇന്ത്യ വിട്ടു കളഞ്ഞത്. ക്യാച്ചുകൾ വിട്ടുകളയുന്നതിൽ ദക്ഷിണാഫ്രിക്കയും മോശമായിരുന്നില്ല എങ്കിലും മറ്റു മാർഗ്ഗങ്ങളിലൂടെ ടീം ആ കുറവ് പരിഹരിച്ചു. ഇന്ത്യൻ കളിക്കാർ പലപ്പോഴും പന്ത് എത്തുന്നതിനു ഏറെ മുന്നിലോ പിന്നിലോ ആയാണ് നിലയുറപ്പിച്ചിരുന്നത്. ക്യാച്ചുകൾ നഷ്ടപ്പെടുത്തിയതിന് പ്രധാന കാരണം കൃത്യമായ പൊസിഷനുകളിൽ കളിക്കാരെ വിന്യസിച്ചിരുന്നില്ല എന്നതാണ്. 

ബാറ്റിങ്ങിൽ പരാജയപ്പെട്ടെങ്കിലും ബൗളിങ്ങിൽ മെച്ചപ്പെട്ട പ്രകടനമാണ് ഇന്ത്യൻ കളിക്കാർ കാഴ്ചവച്ചത്. ഏറെ പ്രതീക്ഷയുണ്ടായിരുന്ന രവിചന്ദ്രൻ അശ്വിൻ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല എങ്കിലും മികച്ച പ്രകടനമായിരുന്നു പേസർമാർ കാഴ്ചവച്ചത്. 

എന്നാൽ യുവ താരങ്ങൾ നിറഞ്ഞ ദക്ഷിണാഫ്രിക്കൻ ടീമിന് മുന്നിൽ പിടിച്ച് നിൽക്കാൻ ഇന്ത്യക്ക് ആയില്ല എന്നതാണ് സത്യം. കീഗൻ പീറ്റേഴ്സൺ, ഡീൻ എൽഗർ, റ്റെമ്പ ബാവുമ തുടങ്ങിയ ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻമാരുടെ പ്രകടനത്തിന് മുന്നിൽ ഇന്ത്യൻ കളിക്കാർക്ക് അടിപതറി. ഇതോടൊപ്പം ലുങ്കി ഗിഡി, കഗിസോ റബാദ തുടങ്ങിയ പേസർമാരുടെ ബൗളിംഗ് കൂടിയായപ്പോൾ ദക്ഷിണാഫ്രിക്കയിൽ ഇത്തവണയും ഇന്ത്യക്ക് പരമ്പര നഷ്ടമായി. 

Follow Us:
Download App:
  • android
  • ios