മുംബൈ: അടുത്ത മാസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തുടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. മുംബൈയിൽ ചേരുന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷമാണ് ടീമിനെ പ്രഖ്യാപിക്കുക. വിൻഡീസ് പര്യടനത്തിൽ ഓപ്പണിംഗ് ബാറ്റ്സ്‌മാൻമാർ തിളങ്ങാത്തതിനാൽ മാറ്റത്തിന് സാധ്യതയുണ്ട്. രോഹിത് ശര്‍മ്മയെ ഓപ്പണറായി പരിഗണിക്കുമെന്നാണ് മുഖ്യ സെലക്‌ടര്‍ നല്‍കുന്ന സൂചന. 

വിൻഡീസ് പര്യടനത്തിൽ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ അംഗമായിരുന്നെങ്കിലും രോഹിത് ശർമ്മയ്ക്ക് കളിക്കാൻ അവസരം കിട്ടിയിരുന്നില്ല. കർണാടക താരങ്ങളായ കെ എൽ രാഹുലും മായങ്ക് അഗർവാളുമാണ് ഇന്നിംഗ്‌സ് ഓപ്പൺ ചെയ്തത്. നാല് ഇന്നിംഗ്‌സിൽ ഒന്നിൽപ്പോലും അർധ സെഞ്ച്വറി നേടാതിരുന്ന രാഹുൽ ആകെ നേടിയത് 101 റൺസാണ്. 44 റൺസായിരുന്നു ഉയ‍ർന്ന സ്‌കോര്‍. ഫോം നഷ്ടമായ രാഹുലിന് പകരം രോഹിത്തിനെ ഓപ്പണറായി കളിപ്പിക്കാനാണ് സെലക്ഷൻ കമ്മിറ്റിയുടെ ആലോചന.

ഓപ്പണിംഗിൽ ഒഴികെ ടീമിൽ കാര്യമായ മാറ്റങ്ങളുണ്ടാവില്ല. പരമ്പരയിൽ മൂന്ന് ടെസ്റ്റുകളാണുള്ളത്. ഒക്‌ടോബർ രണ്ടിന് വിശാഖപട്ടണത്താണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക. പുണെയിലും റാഞ്ചിയിലുമാണ് മറ്റ് മത്സരങ്ങൾ.