വെല്ലിംഗ്‌ടണ്‍: ന്യൂസിലന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പരയില്‍ ടീം ഇന്ത്യയുടെ ആരാധകര്‍ ഉറ്റുനോക്കുന്നത് ഓപ്പണിംഗ് സഖ്യത്തിലേക്കാണ്. സന്നാഹമത്സരത്തിലെ അർധസെഞ്ചുറി മികവിലൂടെ ടെസ്റ്റ് ടീമിൽ ഇടം ഉറപ്പിച്ചുകഴിഞ്ഞു ഓപ്പണർ മായങ്ക് അഗർവാൾ. മായങ്കിനൊപ്പം യുവതാരം പൃഥ്വി ഷായാകും ഓപ്പണറാവുക എന്ന സൂചന മത്സരത്തിന് മുന്‍പുള്ള വാര്‍ത്താസമ്മേളനത്തില്‍ നായകന്‍ വിരാട് കോലി നല്‍കിയിരുന്നു. 

രോഹിത് ശർമ്മ പരുക്കേറ്റ് പുറത്തായതോടെ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യന്‍ ഓപ്പണിംഗ് വലിയ ആശങ്കയിലായത്. ടെസ്റ്റ് പരമ്പര സ്വന്തമാക്കണമെങ്കിൽ കിവീസ് പേസ് ബൗളിംഗിനെ അതിജീവിക്കുന്ന മികച്ച തുടക്കം അനിവാര്യം. മായങ്ക് അഗർവാൾ, പൃഥ്വി ഷാ, ശുഭ്മാൻ ഗിൽ എന്നിവരാണ് ടീമിലെ ഓപ്പണർമാർ. 

ന്യൂസിലന്‍ഡ് പര്യടനത്തിൽ എ ടീമിലും ഇന്ത്യൻ ടീമിലുമായി കളിച്ച 12 ഇന്നിംഗ്സിൽ ആറിലും മായങ്കിന് രണ്ടക്കം കാണായില്ല. എന്നാല്‍ അവസാന ഇന്നിംഗ്സിൽ 81 റൺസെടുക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് മായങ്ക് അഗ‍ർവാൾ. ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡിന് കീഴിൽ നടത്തുന്ന പ്രത്യേക പരിശീലനം ടെസ്റ്റിൽ ഗുണംചെയ്യുമെന്ന പ്രതീക്ഷയിലാണ് കർണാടക ഓപ്പണർ. 29കാരനായ മായങ്ക് ഒൻപത് ടെസ്റ്റിൽ നിന്ന് 872 റൺസ് നേടിയിട്ടുണ്ട്. 243 റൺസാണ് ഉയർന്ന സ്‌കോർ.

വെള്ളിയാഴ്‌ചയാണ് ഇന്ത്യ-ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയ്‌ക്ക് തുടക്കമാവുക. ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാല് മണിക്കാണ് മത്സരം ആരംഭിക്കുക. 

ഇന്ത്യന്‍ സ്‌ക്വാഡ്: വിരാട് കോലി(നായകന്‍), മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ(ഉപനായകന്‍), ഹനുമാ വിഹാരി, വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്‌പ്രീത് ബുമ്ര, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, നവ്‌ദീപ് സെയ്‌നി, ഇശാന്ത് ശര്‍മ്മ.

ന്യൂസിലന്‍ഡ് സ്‌ക്വാഡ്: കെയ്‌ന്‍ വില്യംസണ്‍(നായകന്‍), ടോം ബ്ലന്‍ഡല്‍, ട്രെന്‍ഡ് ബോള്‍ട്ട്, കോളിന്‍ ഗ്രാന്‍ഹോം, കെയ്‌ല്‍ ജമൈസണ്‍, ടോം ലാഥം, ഡാരില്‍ മിച്ചല്‍, ഹെന്‍‌റി നിക്കോള്‍സ്, അജാസ് പട്ടേല്‍, ടിം സൗത്തി, റോസ് ടെയ്‌ലര്‍, നീല്‍ വാഗ്‌നര്‍, ബി ജെ വാട്‌ലിങ്