രാജ്‌കോട്ട്: മഹാ ചുഴലിക്കാറ്റിന്റെ ഭീഷണി നിലനില്‍ക്കെ ബംഗ്ലാദേശിനെതിരെ രണ്ടാം ടി20ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീം പരിശീലനം നടത്തി. രാജ്‌കോട്ടില്‍ നാളെ വൈകിട്ട് ഏഴിനാണ് മത്സരം. പരമ്പരയില്‍ ബംഗ്ലാദേശ് 1-0ത്തിന് മുന്നിലാണ്. ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും മത്സരത്തെ തടസപ്പെടുത്തുമെന്നാണ് കാലാവസ്ഥ പ്രവചനം.

മത്സരത്തിന് തലേന്ന് ആറാം തിയതി ചുഴലിക്കാറ്റ് ഗുജറാത്തില്‍ ദ്വാരകയ്ക്കും ദിയുവിനും ഇടയില്‍ കരതൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം. അതിനാല്‍ തീവ്രമോ അതിതീവ്രമോ ആയ മഴ ഈ പ്രദേശത്ത് പെയ്തേക്കുമെന്നാണ് നിരീക്ഷണങ്ങള്‍. അതിനാല്‍ രാജ്കോട്ട് ടി20 നടക്കാന്‍ സാധ്യതകള്‍ വിരളമാണ് നിലവിലെ സാഹചര്യത്തില്‍. മത്സരം നടക്കാതെ വന്നാല്‍ അവസാന ടി20 ഇന്ത്യക്ക് ജീവന്‍മരണ പോരാട്ടമാകും.

മഴ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ ടീം പരിശീലനം നടത്തി. ഇന്ന് തെളിഞ്ഞ കാലാവസ്ഥയായിരുന്നു രാജ്‌കോട്ടിലേത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശ്രേയാസ് അയ്യര്‍, സഞ്ജു സാംസണ്‍ എന്നിവര്‍ സ്പ്രിന്റില്‍ ഏര്‍പ്പെട്ടു. സഞ്ജുവിന് പ്ര്‌ത്യേക ബാറ്റിങ് പരിശീലനം ഏര്‍പ്പാടാക്കിയിരുന്നു. കെ എല്‍ രാഹുലും ബാറ്റിങ്ങില്‍ ശ്രദ്ധിച്ചു. വാഷിംഗ്ടണ്‍ സുന്ദര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ നെറ്റ്‌സില്‍ പന്തെറിഞ്ഞു.