ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 48.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

ദുബായ്: അണ്ടര്‍ 19 ഏഷ്യാകപ്പില്‍ (ACC U19 Asia Cup 2021) ഇന്ത്യ (India U19) സെമി ഫൈനലില്‍. ഗ്രപ്പ് എയിലെ മൂന്നാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ (AFG U19) നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ അവസാന നാലിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 48.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

65 റണ്‍സ് നേടിയ ഹര്‍നൂര്‍ സിംഗാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ആന്‍ഗ്രിഷ് രഘുവന്‍ഷി (35)ക്കൊപ്പം മികച്ച തുടക്കമാണ് ഹര്‍നൂര്‍ ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 104 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇരുവരേയും അധികം വൈകാതെ ഇന്ത്യക്ക് നഷ്ടമായി. പിന്നീടെത്തിയ ഷെയ്ഖ് റഷീദ് (6), യഷ് ദുല്‍ (26), നിശാന്ത് സിദ്ധു (19), ആരാദ്യ യാധവ് (12) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാനാ യില്ല. ഇതോടെ ഇന്ത്യ 37.4 ഓവറില്‍ ആറിന് 197 എന്ന നിലയിലായി. 

എന്നാ്ല്‍ രാജ് ബാവ (43), കുശാല്‍ താംമ്പെ (35) എന്നിവര്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇരുവരും 65 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ വിജയം പൂര്‍ണം. നൂര്‍ അഹമ്മദ് അഫ്ഗാനായി നാല് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ഇജാസ് അഹമ്മദ് (68 പന്തില്‍ പുറത്താവാതെ 86), ക്യാപ്റ്റന്‍ സുലൈന്‍മാന്‍ സാഫി ( 73) എന്നിവരാണ് അഫ്ഗാനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. 

ഇന്ത്യയെ കൂടാതെ പാകിസ്ഥാനാണ് സെമിയിലേക്ക് മുന്നേറിയ മറ്റൊരു ടീം. ഗ്രൂപ്പ് ചാംപ്യന്മാരാണ് പാകിസ്ഥാന്‍. അഫ്ഗാനൊപ്പം യുഎഇയും പുറത്തായി. നാളെ നടക്കുന്ന ശ്രീലങ്ക- ബംഗ്ലാദേശ് മത്സരത്തിലെ വിജയികളെ ഇന്ത്യ സെമിയില്‍ നേരിടും.