പൊച്ചെഫെസ്‌ട്രൂം: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് പതിഞ്ഞ തുടക്കം. 15 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 44 റണ്‍സെന്ന നിലയിലാണ് ഇന്ത്യന്‍ അണ്ടര്‍ 19 ടീം. രണ്ട് റണ്‍സെടുത്ത ദിവ്യാന്‍ഷ് സക്‌സേനയെ ഏഴാം ഓവറിലെ നാലാം പന്തില്‍ അവിഷേക് ദാസ് പുറത്താക്കി. ഓപ്പണര്‍ യശസ്വി ജയ്സ്വാളും തിലക് വര്‍മയുമാണ് ക്രീസില്‍. 

ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പാകിസ്ഥാനെ സെമിയില്‍ തരിപ്പണമാക്കിയ അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തപ്പോള്‍ ഒരു മാറ്റവുമായാണ് ബംഗ്ലാദേശ് ഇറങ്ങിയത്. മുറാദിന് പകരം അവിഷേക് പ്ലേയിംഗ് ഇലവനിലെത്തി.  

അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് യുവ ഇന്ത്യ അങ്കത്തിനിറങ്ങിയത്. നിലവിലെ ജേതാക്കളും ഇന്ത്യയാണ്. തോൽവി അറിയാതെയാണ് ഇരുടീമും കിരീടപ്പോരിൽ നേർക്കുനേർ ഏറ്റുമുട്ടുന്നത്. സെമിയിൽ ഇന്ത്യ പാകിസ്ഥാനെ തരിപ്പണമാക്കിയപ്പോൾ ബംഗ്ലാദേശ് ആറ് വിക്കറ്റിന് ന്യൂസിലൻഡിനെ കീഴടക്കി.