സിഡ്നി: സിഡ്നി ക്രിക്കറ്റ് ഗ്രൌണ്ടിലെ രണ്ടാം ഏകദിനത്തിലെ മനോഹരമായ ഒരു കാഴ്ചയായിരുന്നു ഗ്യാലറിയിലെ വൈറലായ വിവാഹാഭ്യര്‍ത്ഥന. ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകര്‍ ലൈവായി കണ്ട പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ ദൃശ്യങ്ങളില്‍ ഉള്ളത് ഇന്ത്യന്‍ ആരാധകനായ ഒരു യുവാവ് ഓസ്ട്രേലിയന്‍ ആരാധികയായ കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നതാണ്. അരാണ് ഇവര്‍. 

ഞായറാഴ്ച സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യയുടെ തോല്‍വിയില്‍ സങ്കടമുണ്ടെങ്കിലും മനസ് നിറഞ്ഞ് കളം വിട്ട ആ കാമുകനായ  നീലജഴ്സിക്കാരന്‍ ബംഗളുരു സ്വദേശി ദീപൻ മണ്ഡാലിയയാണ്. രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ ഓസ്ട്രേലിയക്കാരിയായ റോസ് വിംബുഷിനോട് സിഡ്നി ക്രിക്കറ്റ് ഗ്രൌണ്ടിലെ ഗാലറിയിൽ വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു ദീപൻ.

ഗാലറിയിൽ നിറഞ്ഞ കാൽ ലക്ഷം കാണികളെയും, മൂന്നു ഡസനോളം തത്സമയ ക്യാമറകളെയും, ലോകമെങ്ങുമുള്ള കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകരെയും സാക്ഷി നിർത്തിയൊരു പ്രൊപ്പോസൽ. കമൻററി ബോക്സിൽ നിന്ന് ഷെയ്ൻ വോണും ആഡം ഗിൽക്രിസ്റ്റുമെല്ലാം പറയുന്നുണ്ടായിരുന്നു – “സമ്മതിക്കൂ പെൺകുട്ടീ.. യെസ് പറയൂ” എന്ന്. കളിയൽപ്പം നിർത്തിവച്ച് കളിക്കാരും ഗാലറിയിലേക്ക് തിരിഞ്ഞു. ഇന്തോ-ഓസ്ട്രേലിയൻ പ്രണയം ജീവിച്ചറിഞ്ഞ ഗ്ലെൻ മാക്സ്വെൽ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു.

ഓസ്ട്രേലിയന്‍ റേഡിയോ എസ്ബിഎസിനോട് തന്‍റെ പ്രണയകഥ ദീപന്‍ പറയുന്നു, നാലു വർഷം മുമ്പ് ഓസ്ട്രേലിയയിലേക്കെത്തിയതാണ് ബംഗളുരു സ്വദേശിയായ ദീപൻ മണ്ഡാലിയ. ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്യുകയാണ് ദീപൻ. ആദ്യ രണ്ടു വർഷം സിഡ്നിയിൽ ജീവിച്ച ദീപൻ, പിന്നീടാണ് മെൽബണിലേക്ക് മാറിയത്. ആ മാറ്റമാണ് പ്രണയത്തിന് തുടക്കമിട്ടത്. “മെൽബണിൽ ഞാൻ ഒരു വാടകവീടെടുത്തു. ആ വീട്ടിൽ മുമ്പ് വാടകയ്ക്ക് താമസിച്ചയാളായിരുന്നു റോസ്”, ദീപൻ പറഞ്ഞു. “റോസിന്റെ പേരിൽ ആ വീട്ടിലേക്ക് കത്തുകൾ വരാറുണ്ടായിരുന്നു. ഇങ്ങനെ നിരവധി കത്തുകളായപ്പോഴാണ് ആളെ കണ്ടെത്താൻ തീരുമാനിച്ചത്.”

ഫേസ്ബുക്കിൽ റോസ് വിംബുഷിനെ കണ്ടെത്തിയ ദീപൻ കത്തുകൾ കൈമാറാനായി പോയി. ആദ്യം ഒരുമിച്ച് കോഫി കുടിച്ചു. പിന്നെ അത്താഴം. പിന്നീട് കത്തുകൾക്കൊപ്പം ഹൃദയം കൈമാറി. സിഡ്നി സ്വദേശിയായ റോസ്, ആരോഗ്യമേഖലയിലാണ് പ്രവർത്തിക്കുന്നത്. ഇന്ത്യൻ ടീമിന്റെ കടുത്ത ആരാധകനാണ് ദീപൻ. റോസാകട്ടെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ കടുത്ത ആരാധികയും. ഞങ്ങളെ ഒരുമിപ്പിച്ചത് ക്രിക്കറ്റാണെന്ന് രണ്ടുപേരും പറയുന്നു. ആദ്യം കണ്ടത് മുതല്‍ സംസാരിച്ചത് ക്രിക്കറ്റാണ്. എന്നാല്‍ പ്രണയം സ്വീകരിച്ചാലും ടീമില്‍ മാറ്റമില്ലെന്ന് ഇരുവരും പറയുന്നു.

സിഡ്നി ക്രിക്കറ്റ് ഗ്രൌണ്ടില്‍ മത്സരത്തിന് ഗാലറിയിൽ കാണികളെ അനുവദിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ സ്റ്റേഡിയത്തില്‍ വച്ച് വിവാഹഭ്യര്‍ത്ഥന എന്ന ആശയം ദീപന്റെ മനസില്‍ ഉദിച്ചു.  എന്നാൽ റോസിനോട് ഇത് പറഞ്ഞില്ല, സര്‍പ്രൈസ് നല്‍കാനാണ് തീരുമാനം. 
എന്നാൽ സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയം അധികൃതരോട് മാത്രം ഇത് പറഞ്ഞു. പൂർണ പിന്തുണയായിരുന്നു അധികൃതർ നൽകിയത്. രണ്ടാം ബാറ്റിംഗിലെ 20ാമത്തെ ഓവറിനു ശേഷമാകണം വിവാഹാഭ്യർത്ഥന എന്നായിരുന്നു അവർ പറഞ്ഞത്. എല്ലാ ക്യാമറകളും ഞങ്ങളെ ഫോക്കസ് ചെയ്യുമെന്നും അവർ അറിയിച്ചു.

സമയം അറിയിച്ചതോടെ പിന്നീട് കളി ശ്രദ്ധിക്കാനൊന്നും പറ്റിയില്ലെന്ന് ദീപന്‍ പറയുന്നു. ഇങ്ങനെ ഒരു പ്രൊപ്പോസൽ വരുമെന്ന് ഞാനും സ്വപ്നത്തിൽ പോലും കരുതിയില്ലെന്ന്  റോസും പറഞ്ഞു. മനോഹരമായിരുന്നു അത്. അതി സുന്ദരം. ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു. റോസ് പറയുന്നു. 

വിവരങ്ങള്‍ കടപ്പാട് - എസ്ബിഎസ് മലയാളം