മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ മോശം തുടക്കത്തിന് ശേഷം കരകയറാന്‍ ഇന്ത്യ. ഓപ്പണര്‍ രോഹിത് ശര്‍മ്മയെ നഷ്ടമായ ഇന്ത്യ 12 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 55 റണ്‍സെന്ന നിലയിലാണ്. 34 റണ്‍സുമായി ശിഖര്‍ ധവാനും 9 റണ്‍സെടുത്ത് കെ എല്‍ രാഹുലുമാണ് ക്രീസില്‍. 

ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച ഓസീസിന് ആശ്വാസ തുടക്കമാണ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നല്‍കിയത്. അഞ്ചാം ഓവറിലെ മൂന്നാം പന്തില്‍ ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയെ സ്റ്റാര്‍ക്ക് ഡേവിഡ് വാര്‍ണറുടെ കൈകളിലെത്തിച്ചു. 15 പന്തില്‍ 10 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്. നായകന്‍ വിരാട് കോലി നേരത്തെ സൂചിപ്പിച്ചതുപോലെ കെ എല്‍ രാഹുല്‍ മൂന്നാം നമ്പറില്‍ ഇറങ്ങി. രോഹിത് പുറത്തായതോടെ നിലയുറപ്പിച്ച് കളിക്കാനുള്ള ശ്രമത്തിലാണ് ധവാന്‍-രാഹുല്‍ സഖ്യം. 

വാംഖഡെയില്‍ ടോസ് നേടിയ ഓസ്‌‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍ എന്നിവരെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ നായകന്‍ കോലി സ്വയം നാലാം നമ്പറിലേക്ക് മാറി. അതേസമയം ഓസീസ് നിരയില്‍ വിസ്‌മയ താരം മാര്‍നസ് ലബുഷെയ്‌ന്‍ ഏകദിന അരങ്ങേറ്റം കളിക്കുകയാണ്. ലബുഷെയ്‌ന്‍ വന്നതോടെ സ്റ്റീവ് സ്‌മിത്ത് നാലാം നമ്പറിലാകും ബാറ്റ് ചെയ്യുക. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര

ഓസ്‌ട്രേലിയന്‍ ടീം: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, മാര്‍നസ് ലബുഷെയ്‌ന്‍, സ്റ്റീവ് സ്‌മിത്ത്, ആഷ്‌ടണ്‍ ടര്‍ണര്‍, അലക്‌സ് ക്യാരി, ആഷ്‌ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍, ആദം സാംപ