പതിവുപോലെ ഷമിക്കും അശ്വിനും മുന്നില്‍ വാര്‍ണര്‍ പതറിയപ്പോള്‍ ആദ്യ റണ്ണെടുക്കാന്‍ നേരിട്ടത് 21 പന്തുകളായിരുന്നു. മറുവശത്ത് മോശം പന്തുകളെ മാത്രം ശിക്ഷിച്ച് ഖവാജ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.
ദില്ലി: ഇന്ത്യക്കെതിരായ ദില്ലി ക്രിക്കറ്റ് ടെസ്റ്റില്‍ നല്ല തുടക്കത്തിനുശേഷം ഓസ്ട്രേലിയ തകരുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെന്ന നിലയിലാണ്. അര്‍ധസെഞ്ചുറിയുമായി ഉസ്മാന്‍ ഖവാജയും ഒരു റണ്ണുമായി ട്രാവിസ് ഹെഡ്ഡും ക്രീസില്‍. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍,മാര്‍നസ് ലാബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ഇന്ത്യക്കായി അശ്വിന്‍ രണ്ടും ഷമി ഒരു വിക്കറ്റുമെടുത്തു.
നല്ല തുടക്കം പിന്നെ തകര്‍ച്ച
ആദ്യ ടെസ്റ്റില്‍ നിന്ന് വ്യത്യസ്തമായി ഓപ്പണിംഗ് വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഖവാജയും വാര്‍ണറും ഓസ്ട്രേലിയക്ക് നല്ല തുടക്കമാണ് നല്‍കിയത്. പതിവുപോലെ ഷമിക്കും അശ്വിനും മുന്നില്‍ വാര്‍ണര്‍ പതറിയപ്പോള്‍ ആദ്യ റണ്ണെടുക്കാന്‍ നേരിട്ടത് 21 പന്തുകളായിരുന്നു. മറുവശത്ത് മോശം പന്തുകളെ മാത്രം ശിക്ഷിച്ച് ഖവാജ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. പതിനാറാം ഓവറില്‍ ടീം സ്കോര്‍ 50ല്‍ എത്തിയതിന് പിന്നാലെ ഡേവിഡ് വാര്‍ണറെ വിക്കറ്റിന് പിന്നില്‍ ശ്രീകര്‍ ഭരത്തിന്‍റെ കൈകളിലെത്തിച്ച് ഷമി ഓസീസിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. 44 പന്തില്‍ 15 റണ്‍സായിരുന്നു വാര്‍ണറുടെ സംഭാവന.
വണ്‍ ഡൗണായി എത്തിയ മാര്‍നസ് ലാബുഷെയ്ന്‍ ആത്മവിശ്വാസത്തോടെയാണ് തുടങ്ങിത്. അശ്വിനും ഷമിക്കും ജഡേജക്കുമെരെ തകര്‍പ്പന്‍ ഷോട്ടുകളുമായി ഖവാജയും ലാബുഷെയ്നും കളം നിറഞ്ഞതോടെ ഓസീസ് 91-1 എന്ന മികച്ച നിലയിലെത്തി. എന്നാല്‍ ലഞ്ചിന് തൊട്ടു മുമ്പ് ലാബുഷെയ്നിനെ(18) വിക്കറ്റിന് മുന്നില്‍ കുടുക്കിയ അശ്വിന്‍ അതേ ഓവറില്‍ സ്റ്റീവ് സ്മിത്തിനെ(0) വിക്കറ്റിന് പിന്നില്‍ ശ്രീകര്‍ ഭരത്തിന്‍റെ കൈകളിലെത്തിച്ച് ഓസീസിനെ ഞെട്ടിച്ചു.
ജഡേജയുടെ തൊട്ടടുത്ത ഓവറില്‍ ഖവാജയെ അമ്പയര്‍ എല്‍ബിഡബ്ല്യു വിധിച്ചെങ്കിലു റിവ്യു എടുത്ത് ഖവാജ രക്ഷപ്പെട്ടു. 74 പന്തില്‍ 50 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന ഖവാജയിലാണ് ഇനി ഓസീസിസന്‍റെ പ്രതീക്ഷ. സ്പിന്നര്‍മാര്‍ക്കെതിരെ റിവേഴ്സ് സ്വീപ്പിലൂടെ റണ്ണടിക്കാനാണ് ഇന്ന് ഖവാജ ശ്രമിച്ചത്. ആദ്യ ടെസ്റ്റ് കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ഇന്ത്യയും ഓസ്ട്രേലിയയും ഇന്നിറങ്ങിയത്. ഇന്ത്യന്‍ ടീമില്‍ സൂര്യകുമാര്‍ യാദവിന് പകരം ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയപ്പോള്‍ ഓസ്ട്രേലിയ മാറ്റ് റെന്‍ഷോക്ക് പകരം ട്രാവിസ് ഹെഡ്ഡിനെയും സ്കോട് ബൊളാണ്ടിന് പകരം മാത്യു കുനെമാനെയും പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി.
