നാഗ്പൂരിൽ സ്റ്റീവ് സ്മിത്തിനും മാർനസ് ലബുഷെയ്നും ഒഴികെയുള്ള ഓസീസ് ബാറ്റർമാർക്ക് എന്താണ് പിച്ചിൽ സംഭിവക്കുന്നത് എന്നുപോലും മനസ്സിലായിരുന്നില്ല.

ദില്ലി: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ ദില്ലിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ തുടക്കമാവും. രാവിലെ 9.30 മുതല്‍ മത്സരം സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട് സ്റ്റാറിലും തത്സമയം കാണാം. നാഗ്പൂർ ടെസ്റ്റിലെ ഇന്നിംഗ്സ് വിജയത്തിന്‍റെ ആത്മവിശ്വാസവുമായാണ് രോഹിത് ശർമ്മയും സംഘവും ദില്ലിയില്‍ പോരാട്ടത്തിനിറങ്ങുന്നത്. നാഗ്പൂരിൽ ഇന്ത്യക്ക് തകർപ്പൻ വിജയം സമ്മാനിച്ചത് ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ സ്പിൻ ത്രയമായിരുന്നു. ഓസ്ട്രേലിയയുടെ ഇരുപത് വിക്കറ്റിൽ പതിനഞ്ചും വീഴ്ത്തിയാണ് മൂവർ സംഘം ഇന്ത്യയെ ഇന്നിംഗ്സ് വിജയത്തിലേക്ക് നയിച്ചത്.

നാഗ്പൂരിൽ സ്റ്റീവ് സ്മിത്തിനും മാർനസ് ലബുഷെയ്നും ഒഴികെയുള്ള ഓസീസ് ബാറ്റർമാർക്ക് എന്താണ് പിച്ചിൽ സംഭിവക്കുന്നത് എന്നുപോലും മനസ്സിലായിരുന്നില്ല. രണ്ടാം ടെസ്റ്റിലും കളിയുടെ ഗതി നിശ്ചയിക്കുക സ്പിന്നർമാർ ആയിരിക്കുമെന്നുറപ്പ്. നേഥൻ ലിയോൺ, ടോഡ് മർഫി എന്നിവരിലുടെയായിരിക്കും ഓസീസിന്‍റെ സ്പിൻ മറുപടി. മൂന്ന് സ്പിന്നര്‍മാരുമായി ഓസീസ് ഇറങ്ങാന്‍ സാധ്യതയില്ല. മധ്യനിരയില്‍ ട്രാവിസ് ഹെഡ്ഡിന് അവസരം നല്‍കാന്‍ സാധ്യതയുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റിനെ കുരുക്കിലാക്കിയ വെളിപ്പെടുത്തലുകള്‍; ചേതന്‍ ശര്‍മ്മയുടെ കസേര ഉടന്‍ തെറിച്ചേക്കും

പാര്‍ട്ട് ടൈം സ്പിന്നര്‍ കൂടിയാണ് ഹെഡ്. സ്കോട് ബോളണ്ടിന് പകരം പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും നാളെ ഓസീസ് ടീമില്‍ തിരിച്ചെത്തിയേക്കും. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ വിരലിന് പരിക്കേറ്റ സ്റ്റാര്‍ക്ക് ആദ്യ ടെസ്റ്റില്‍ കളിച്ചിരുന്നില്ല. എന്നാല്‍ മറ്റൊരു പേസറായ ജോഷ് ഹേസല്‍വുഡ് നാളെ കളിക്കാനുള്ള സാധ്യത കുറവാണ്.

പരിക്കിൽ നിന്ന് മുക്തനായ ശ്രേയസ് അയ്യർ ഇന്ത്യന്‍ ടീമിൽ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ഇതോടെ സൂര്യകുമാർ യാദവിന് സ്ഥാനം നഷ്ടമാവുമെന്നാണ് കരുതുന്നത്. ഏഴ് ടെസ്റ്റിൽ 56 ബാറ്റിംഗ് ശരാശരിയിൽ 624 റൺസ് നേടിയിട്ടുള്ള ശ്രേയസിനെ അവഗണിക്കില്ലെന്ന് തന്നെയാണ് കോച്ച് രാഹുൽ ദ്രാവിഡിന്‍റെ വാക്കുകൾ വ്യക്തമാക്കുന്നത്. താളംകണ്ടെത്താൻ പ്രയാസപ്പെടുന്ന കെ എൽ രാഹുലിന് പകരം തകർപ്പൻ ഫോമിലുള്ള ശുഭ്മാൻ ഗിൽ ടീമിലെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.