മുഹമ്മദ് ഷമി എറിഞ്ഞ ആദ്യ ഓവറില്‍ നാലു റണ്‍സെ നേടിയുള്ളഉവെങ്കിലും മുഹമ്മദ് സിറാജിന്‍റെ രണ്ടാം ഓവറില്‍ രണ്ട് ബൗണ്ടറിയടക്കം ഒമ്പത് റണ്‍സടിച്ച് ഓസ്ട്രേലിയ ലക്ഷ്യം വ്യക്തമാക്കി. മൂന്നാം ഓവറില്‍ തന്നെ മുഹമ്മദ് ഷമിയെ സിക്സിന് പറത്തി മിച്ചല്‍ മാര്‍ഷ് സിറാജിന്‍റെ അടുത്ത ഓവറില്‍ രണ്ട് ബൗണ്ടറി കൂടി നേടി തുടക്കം കളറാക്കി.
ചെന്നൈ: ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് നല്ല തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസ്ട്രേലിയ 14 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെന്ന നിലയിലാണ്. 42 പന്തില്‍ 43 റണ്‍സോടെ മിച്ചല്‍ മാര്‍ഷും 3 റണ്‍സുമായി ഡേവിഡ് വാര്‍ണറും ക്രീസില്‍. 33 റണ്‍സെടുത്ത ട്രാവിസ് ഹെഡിന്‍റെയും റണ്‍സൊന്നുമെടുക്കാത്ത സ്റ്റീവ് സ്മിത്തിന്‍റെയും വിക്കറ്റുകളാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. ഹാര്‍ദ്ദിക് പാണ്ഡ്യയാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്.
അടിച്ചു തകര്‍ത്ത് തുടക്കം
മുഹമ്മദ് ഷമി എറിഞ്ഞ ആദ്യ ഓവറില്‍ നാലു റണ്‍സെ നേടിയുള്ളഉവെങ്കിലും മുഹമ്മദ് സിറാജിന്‍റെ രണ്ടാം ഓവറില്‍ രണ്ട് ബൗണ്ടറിയടക്കം ഒമ്പത് റണ്‍സടിച്ച് ഓസ്ട്രേലിയ ലക്ഷ്യം വ്യക്തമാക്കി. മൂന്നാം ഓവറില്‍ തന്നെ മുഹമ്മദ് ഷമിയെ സിക്സിന് പറത്തി മിച്ചല്‍ മാര്‍ഷ് സിറാജിന്‍റെ അടുത്ത ഓവറില്‍ രണ്ട് ബൗണ്ടറി കൂടി നേടി തുടക്കം കളറാക്കി.ഏഴാം ഓവര്‍ മെയ്ഡിനാക്കി സിറാജ് തിരിച്ചുവന്നെങ്കിലും എട്ടാം ഓവറില്‍ തന്നെ അക്സര്‍ പട്ടേലിനെ ബൗളിംഗിന് വിളിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തന്ത്രം പാളി. സിക്സ് അടിച്ചാണ് ഹെഡ് അക്സറിനെ വരവേറ്റത്. പിന്നാലെ മാര്‍ഷിന്‍റെ ബൗണ്ടറി കൂടിയായതോടെ 11 റണ്‍സാണ് ആ ഓവറില്‍ ഓസീസ് അടിച്ചെടുത്തത്. പത്തോവര്‍ പിന്നിടുമ്പോള്‍ ഓസീസ് 61ല്‍ എത്തി.
ഹാര്‍ദ്ദിക്കിന്‍റെ ഇരട്ടപ്രഹരം
ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ പതിനൊന്നാം ഓവറിലാണ് ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ കിട്ടിയത്. ഹാര്‍ദ്ദിക്കിന്‍റെ പന്തില്‍ ട്രാവിസ് ഹെഡിനെ ബൗണ്ടറിയില്‍ ശുഭ്മാന്‍ ഗില്‍ കൈവിട്ടെങ്കിലും രണ്ട് പന്തുകളുടെ ഇടവേളയില്‍ ഹെഡിനെ തേര്‍ഡ് മാനില്‍ കുല്‍ദീപ് യാദവിന്‍റെ കൈകളിലെത്തിച്ച് ഹാര്‍ദ്ദിക് കരുത്തുകാട്ടി. 31 പന്തില്‍ 33 റണ്‍സെടുത്താണ് ഹെഡ് മടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഹെഡ്-മാര്‍ഷ് സഖ്യം 68 റണ്‍സടിച്ചു. വണ്‍ ഡൗണായി ഡേവിഡ് വാര്‍ണര്‍ക്ക് പകരം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ഇറങ്ങിയത്. എന്നാല്‍ നേരിട്ട മൂന്നാം പന്തില്‍ അക്കൗണ്ട് തുറക്കും മുമ്പെ സ്മിത്തിനെ ഹാര്‍ദ്ദിക് വിക്കറ്റിന് പിന്നില്‍ രാഹുലിന്‍റെ കൈകളിലെത്തിച്ച് ഓസിസിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു.
രണ്ടാം ഏകദിനം തോറ്റ ടീമില്‍ മാറ്റമൊന്നും ഇല്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങിയത്. ഓസ്ട്രേലിയ ആകട്ടെ കാമറൂണ്‍ ഗ്രീനിന് പകരം ഡേവിഡ് വാര്‍ണറെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി.
