അവസാന ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 272 റണ്‍സെടുത്തു. 

ദില്ലി: ഓസ്‌ട്രലിയക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കാന്‍ ദില്ലിയില്‍ ഇന്ത്യയ്ക്ക് 273 റണ്‍സ് വിജയലക്ഷ്യം. അവസാന ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 272 റണ്‍സെടുത്തു. പരമ്പരയിലെ രണ്ടാം സെഞ്ചുറി നേടിയ ഉസ്മാന്‍ ഖവാജയും അര്‍ദ്ധ സെഞ്ചുറി നേടിയ ഹാന്‍ഡ്‌സ്‌കോമ്പുമാണ് ഓസീസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. അവസാന നാല് ഓവറിലെ 42 റണ്‍സും നിര്‍ണായകമായി. 

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് മികച്ച തുടക്കമാണ് ഖവാജയും ഫിഞ്ചും നല്‍കിയത്. ആദ്യ ഓവറുകളില്‍ പന്തെടുത്തവരെല്ലാം അടിവാങ്ങി. 12 ഓവറില്‍ 60 കടന്നു. ആദ്യ വിക്കറ്റ് വീഴ്‌ത്താന്‍ 76 റണ്‍സ് വരെ ഇന്ത്യക്ക് കാത്തിരിക്കേണ്ടിവന്നു. 27 റണ്‍സെടുത്ത ഫിഞ്ചിനെ ജഡേജ ബൗള്‍ഡാക്കി. എന്നാല്‍ ദില്ലിയിലും തകര്‍ത്തുകളിച്ച ഖവാജ 102 പന്തില്‍ സെഞ്ചുറിയിലെത്തി. കൂറ്റന്‍ സ്‌കോറിലെത്താനുള്ള സാധ്യത ഈ സമയം ഓസ്‌ട്രേലിയയുടെ മുന്നിലുണ്ടായിരുന്നു. 

എന്നാല്‍ സെഞ്ചുറിക്ക് തൊട്ടുപിന്നാലെ ഖവാജയെ 33-ാം ഓവറില്‍ പുറത്താക്കി ഭവി ആഞ്ഞടിച്ചപ്പോള്‍ ഇന്ത്യ മത്സരത്തില്‍ തിരികെയെത്തി. തൊട്ടടുത്ത ഓവറില്‍ വെടിക്കെട്ട് വീരന്‍ മാക്‌സ്‌വെല്ലിനെ ഭുവി കോലിയുടെ കൈകളിലെത്തിച്ചു. അര്‍ദ്ധ സെഞ്ചുറി പിന്നിട്ട ഹാന്‍ഡ്‌സ് കോമ്പ്(52), സ്റ്റോയിനിസ്(20), ടര്‍ണര്‍(20) എന്നിങ്ങനെ മധ്യനിരയിലെ കൂറ്റനടിക്കാര്‍ വേഗം മടങ്ങിയതോടെ കളി ഇന്ത്യ വരുതിയിലാക്കി. അലക്‌സ് ക്യാരിയും(3) വൈകാതെ പുറത്ത്. ഇതോടെ ഓസീസ് 46 ഓവറില്‍ 229-7. 

റിച്ചാര്‍ഡ്‌സണും കമ്മിന്‍സും ചേര്‍ന്ന് 18-ാം ഓവറില്‍ ബുറയെ 19 റണ്‍സ് അടിച്ചെടുത്തു. 49-ാം ഓവറിലെ മൂന്നാം പന്തില്‍ ഭുവിയുടെ റിട്ടേണ്‍ ക്യാച്ചില്‍ കമ്മിന്‍സിന്‍റെ(15) വിക്കറ്റ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. അവസാന ഓവറില്‍ ബുംറയെ ഏഴ് റണ്‍സടിച്ച് ഓസ്‌ട്രേലിയ 272-9 എന്ന സ്‌കോറില്‍ ഇന്നിംഗ്സ് അവസാനിപ്പിച്ചു. റിച്ചാര്‍ഡ്‌സണ്‍(29) അവസാന പന്തില്‍ റണ്‍ ഔട്ടായി. ലയേണ്‍ ഒരു റണ്ണുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി ഭുവി മൂന്നും ഷമിയും ജഡേജയും രണ്ട് വീതം വിക്കറ്റും വീഴ്‌ത്തി.