ഓസ്‌ട്രേലിയയുടെ പ്രതീക്ഷകള്‍ കാലാവസ്ഥ തടസമായേക്കുമെന്നാണ് പുറത്തുവരുന്നത്. ഇന്ന് 58 ഓവറുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.
ബ്രിസ്‌ബേന്‍: ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. ബ്രിസ്‌ബേനില്‍ നാല് ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇപ്പോഴും 193 റണ്‍സ് പിറകിലാണ് ഇന്ത്യ. ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 445നെതിരെ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെന്ന നിലയിലാണ്. ഫോളോഓണ്‍ ഒഴിവാക്കാന്‍ സാധിച്ചുവെന്നുള്ളതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശ്വാസമായത്. ടെസ്റ്റ് സമനിലയാവുമെന്നാണ് പരക്കെ പ്രതീക്ഷിക്കുന്നതെങ്കിലും ഓസ്‌ട്രേലിയക്ക് ഇപ്പോഴും വിജയ സാധ്യതയുണ്ട്. അവസാന ദിനം ഇന്ത്യയെ വേഗത്തില്‍ പുറത്താക്കി രണ്ടാം ഇന്നിംഗ്‌സില്‍ 150നപ്പുറമുള്ള സ്‌കോറെടുത്താല്‍ ഓസീസിന് മാന്യമായ വിജയലക്ഷ്യം മുന്നോട്ടുവെക്കാന്‍ സാധിക്കും.
എന്നാല്‍ ഓസ്‌ട്രേലിയയുടെ പ്രതീക്ഷകള്‍ കാലാവസ്ഥ തടസമായേക്കുമെന്നാണ് പുറത്തുവരുന്നത്. ഇന്ന് 58 ഓവറുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. നാളെ ഇതിലും ഓവറുകള്‍ മാത്രമാണ് എറിയാന്‍ സാധിക്കുകയെന്നാണ് അറുന്നത്. ബ്രിസ്‌ബേനില്‍ നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. അതും ആദ്യ സെഷനിടെ തന്നെ മഴ ശക്തമായേക്കും. 2 മുതല്‍ 25 മില്ലിമീറ്റര്‍ വരെ മഴയാണ് പ്രവചിച്ചിരിക്കുന്നത്. മാത്രമല്ല, മൂടിക്കെട്ടിയ അന്തരീക്ഷമായതിനാല്‍ വെളിച്ചകുറവും അനുഭവപ്പെട്ടേക്കാം. അതുകൊണ്ടുതന്നെ ഇന്ത്യ സമനില പിടിക്കാന്‍ സാധ്യതയേറെയാണ്. ശരിക്കും നന്ദി പറയേണ്ടത് അവസാന വിക്കറ്റിലെ ബുമ്ര - ആകാശ് കൂട്ടുകെട്ടിനാണ്. കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവരുടെ ഇന്നിംഗ്‌സിനെ പ്രശംസിക്കാതെ വയ്യ. എന്തായാലും ബ്രിസ്‌ബേനില്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.
സ്വിച്ചിട്ടത് പോലെ മഴ! കലി തീരാതെ മിച്ചല്‍ സ്റ്റാര്‍ക്ക്; അംപയോറോട് കയര്‍ത്തു -വീഡിയോ
പത്താം വിക്കറ്റില്‍ ആകാശ്ദീപും ബുമ്രയും ചേര്‍ന്ന് നേടിയ 39 റണ്‍സിന്റെ അപരാജിത ചെറുത്തുനില്‍പ്പിലൂടെയാണ് ഇന്ത്യ ഫോളോ ഓണ്‍ ഭീഷണി മറികടന്നത്. ഒമ്പതാം വിക്കറ്റായി രവീന്ദ്ര ജഡേജ പുറത്താവുമ്പോള്‍ ഫോളോ ഓണ്‍ മറികട്ടാന്‍ ഇന്ത്യക്ക് 33 റണ്‍സ് വേണമായിരുന്നു.
31 പന്തില്‍ 27 റണ്‍സുമായി ആകാശ് ദീപും 27 പന്തില്‍ 10 റണ്‍സുമായ ജസ്പ്രീത് ബുമ്രയും ക്രീസില്‍. 77 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടെ ചെറുത്തുില്‍പ്പിനൊപ്പം 84 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ പ്രകടനവും ഇന്ത്യയുടെ ചെറുത്തുനില്‍പ്പില്‍ നിര്‍ണായകമായി.

