മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. വാംഖഡെയില്‍ ടോസ് നേടിയ ഓസ്‌‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോലി വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിച്ചതുപോലെ രോഹിത് ശര്‍മ്മയ്‌ക്കും ശിഖര്‍ ധവാനും ഒപ്പം കെ എല്‍ രാഹുലും ഇലവനിലെത്തി. രാഹുല്‍ മൂന്നാമതായി ഇറങ്ങുമ്പോള്‍ കോലി സ്വയം നാലാം നമ്പറിലേക്ക് മാറി.

അതേസമയം ഓസീസ് നിരയില്‍ മാര്‍നസ് ലബുഷെയ്‌ന്‍ ഏകദിന അരങ്ങേറ്റം കുറിക്കും. മാര്‍നസ് ലബുഷെയ്‌ന്‍ മൂന്നാം നമ്പറിലും സ്റ്റീവ് സ്‌മിത്ത് നാലാമനായുമാണ് ബാറ്റിംഗിന് ഇറങ്ങുക.

ഇന്ത്യന്‍ ടീം: Rohit Sharma, Shikhar Dhawan, Lokesh Rahul, Virat Kohli(c), Shreyas Iyer, Rishabh Pant(w), Ravindra Jadeja, Shardul Thakur, Kuldeep Yadav, Mohammed Shami, Jasprit Bumrah

ഓസ്‌ട്രേലിയന്‍ ടീം: David Warner, Aaron Finch(c), Marnus Labuschagne, Steven Smith, Ashton Turner, Alex Carey(w), Ashton Agar, Pat Cummins, Mitchell Starc, Kane Richardson, Adam Zampa

തുടർ വിജയങ്ങളുടെ കരുത്തിൽ ടീം ഇന്ത്യയിറങ്ങുമ്പോള്‍ കഴിഞ്ഞ വ‍ർഷം ഇന്ത്യയിൽ പരമ്പര(3-2) നേടിയ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയ. ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തരായ രണ്ടുടീമുകൾ നേർക്കുനേർ വരുമ്പോള്‍ വിഖ്യാത വാംഖഡെ സ്റ്റേഡിയത്തില്‍ ആരാധകര്‍ക്ക് അത് വിരുന്നാകും. മുംബൈയിലെ മഞ്ഞുവീഴ്‌ച മത്സരത്തില്‍ നിര്‍ണായക സ്വാധീനമാകും. 

പേസ് vs ബാറ്റിംഗ്; വാംഖഡെയില്‍ തീപാറും

ജസ്‌പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ പേസ് നിര കരുത്തരാണ്. ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്‌മിത്തും മാര്‍നസ് ലബുഷെയ്‌നും അടങ്ങുന്ന ഓസീസ് ബാറ്റിംഗ് നിരയ്‌ക്കും ആത്മബലമേറെ. കൂറ്റന്‍ ഇന്നിംഗ്‌സുകള്‍ക്ക് കരുത്തുള്ള രോഹിത് ശര്‍മ്മ, വിരാട് കോലി, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍ തുടങ്ങിയവരിലാണ് ഇന്ത്യന്‍ പ്രതീക്ഷ. എന്നാല്‍ ആരെയും എറിഞ്ഞിടാന്‍ കരുത്തുണ്ട് പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് ത്രയത്തിന്.