സിഡ്നി: രണ്ടുമാസത്തെ പര്യടനത്തിനായി ഓസ്ട്രേലിയയിൽ എത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലനം തുടങ്ങി. ടീമിലെ എല്ലാവരുടേയും കൊവിഡ് പരിശോധന നെഗറ്റീവ് ആയതോടെയാണ് താരങ്ങൾ പരിശീലനം തുടങ്ങിയത്. രണ്ട് ഗ്രൂപ്പുകളിലായി ഇൻഡോറിലും ഔട്ട്ഡറിലുമായിട്ടായിരുന്നു താരങ്ങളുടെ പരിശീലനം.

ഹ‍ർദിക് പാണ്ഡ്യ, പൃഥ്വി ഷാ, മുഹമ്മദ് സിറാജ് തുടങ്ങിയവർ സിഡ്നി ഒളിംപിക് പാർക്കിലെ ബ്ലാക്ക്‌ടൗൺ ഇന്‍റനാഷണൽ സ്പോ‍ർട്സ് പാ‍ർക്കിലാണ് പരിശീലനം നടത്തിയത്. കുൽദീപ് യാദവ്, ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, ഷർദുൽ താക്കൂർ, ചേതേശ്വർ പുജാര, ടി. നടരാജൻ, ദീപക് ചഹാർ, യുസ്‍വേന്ദ്ര ചാഹൽ തുടങ്ങിയവരുടെ പരിശീലനം ഔട്ട്ഡോറിലായിരുന്നു.

ഇന്ത്യൻ ടീം ഇപ്പോൾ പതിനാല് ദിവസത്തെ ക്വാറന്‍റീനിലാണ്. രണ്ട് മാസം നീണ്ട ഓസീസ് പര്യടനത്തില്‍ മൂന്ന് ഏകദിനവും മൂന്ന് ട്വന്‍റി 20യും നാല് ടെസ്റ്റുകളുമാണുള്ളത്. ഈ മാസം 27ന് ഏകദിന പരമ്പരയിലെ ആദ്യ മത്സരം നടക്കും. ഡിസംബർ 17നാണ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുക. വിദേശത്ത് ഇന്ത്യയുടെ ആദ്യഡേ നൈറ്റ് ടെസ്റ്റ് കൂടിയായിരിക്കും ഇത്.