എനിക്ക് ആര്‍ക്കെതിരെയും ഒരു അജണ്ടയുമില്ല.മറ്റ് ചിലര്‍ക്ക് ഉണ്ടാവുമായിരിക്കാം. അഭിപ്രായ വ്യത്യാസങ്ങളെ വ്യക്തിപരമായ അജണ്ടയായി ചിത്രീകരിച്ച് ട്വിറ്ററില്‍ വരരുത് ആകാശ് ചോപ്ര.പ്രത്യേകിച്ച് തന്‍റെ കാഴ്ചപ്പാടുകള്‍ തുറന്നു പറഞ്ഞ് വലിയൊരു കരിയര്‍ രൂപപ്പെടുത്തിയ ആകാശിനെപ്പോലൊരാള്‍.രാഹുലിനെതിരെയോ മറ്റേതെങ്കിലും കളിക്കാരനെതിരെയോ എനിക്കൊരു അജണ്ടയുമില്ല.

ബെംഗലൂരു: മോശം ഫോമില്‍ തുടര്‍ന്നിട്ടും ഓപ്പണര്‍ കെ എല്‍ രാഹുലിനെ ഇന്ത്യന്‍ ടീമില്‍ നിലനിര്‍ത്തിയത് കണക്കുകള്‍ നിരത്തി ന്യായീകരിച്ച മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്രക്ക് മറുപടിയുമായി വീണ്ടും വെങ്കിടേഷ് പ്രസാദ്.വിദേശത്ത് കെ എല്‍ രാഹുലിന്‍റേത് മികച്ച റെക്കോര്‍ഡാണെന്ന് ചൂണ്ടിക്കാട്ടി ആകാശ് ചോപ്ര ഇന്നലെ രംഗത്ത് എത്തിയിരുന്നു.

ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ (സെന) എന്നീ രാജ്യങ്ങളില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ കഴിഞ്ഞ മൂന്ന് വര്‍ഷം നടത്തിയ പ്രകടനങ്ങളാണ് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടിയത്.സെന രാജ്യങ്ങളില്‍ 2020 മുതലുള്ള കണക്കെടുത്താല്‍ ഏറ്റവും മികച്ച മൂന്നാമത്തെ ശരാശരിയുള്ള കളിക്കാരന്‍ രാഹുല്‍ ആണെന്ന് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടിയിരുന്നു.ഏഴ് മത്സരം കളിച്ച കെ എല്‍ രാഹുലിന് 38.64 ബാറ്റിംഗ് ശരാശരിയും രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും ഉണ്ടെന്നും ആകാശ് ചോപ്ര കണക്കുകള്‍ നിരത്തി പറഞ്ഞിരുന്നു. തനിക്ക് ബിസിസിഐയില്‍ പദവികളൊന്നും വേണ്ടെന്നും സെലക്ടറാവാനോ കോച്ചാവാനോ ഉപദേശകനാവാനോ ഐപിഎല്ലില്‍ എന്തെങ്കിലും പദവികള്‍ നേടാനാ തനിക്ക് ആഗ്രഹമില്ലെന്നും പ്രസാദിനുള്ള മറുപടിയായി ചോപ്ര പറഞ്ഞിരുന്നു.

ഓസീസിനെതിരെ ഇന്ത്യ 4-0ന് പരമ്പര തൂത്തുവാരുമെന്ന് പ്രവചിക്കാനില്ല; കാരണം പറഞ്ഞ് ഗൗതം ഗംഭീര്‍

ഇതിനുള്ള മറുപടി ട്വീറ്റിലാണ് പ്രസാദ് ആകാശിനെതിരെ തുറന്നടിച്ചത്. രാഹുലിനെ വിമര്‍ശിച്ചതിന് തന്‍റെ സുഹൃത്ത് കൂടിയായ ആകാശ് ചോപ്ര വ്യക്തിപരമായ അ‍ജണ്ടയോടെ പ്രവര്‍ത്തിക്കുന്ന ആളായാണ് യുട്യൂബ് വീഡിയോയില്‍ എന്നെ ചിത്രീകിരിച്ചിരിക്കുന്നത്. എന്‍റെ വാക്കുകള്‍ അദ്ദേഹം സൗകര്യപൂര്‍വം വളച്ചൊടിച്ചിരിക്കുന്നു. നാട്ടില്‍ കളിക്കുമ്പോള്‍ 70 റണ്‍സ് ശരാശരിയുള്ള മായങ്കിന്‍റെ പേര് അദ്ദേഹം സൗകര്യപൂര്‍വം ഒഴിവാക്കി. തന്‍റേത് വ്യത്യസ്ത കാഴ്ചപ്പാടാണെന്ന് കാണിക്കാനായിരിക്കും അദ്ദേഹം രോഹിത്തിന്‍റെ നാട്ടിലെ പ്രകടനങ്ങളെയും സൗകര്യപൂര്‍വം ഒഴിവാക്കി.

Scroll to load tweet…

എനിക്ക് ആര്‍ക്കെതിരെയും ഒരു അജണ്ടയുമില്ല.മറ്റ് ചിലര്‍ക്ക് ഉണ്ടാവുമായിരിക്കാം. അഭിപ്രായ വ്യത്യാസങ്ങളെ വ്യക്തിപരമായ അജണ്ടയായി ചിത്രീകരിച്ച് ട്വിറ്ററില്‍ വരരുത്. പ്രത്യേകിച്ച് തന്‍റെ കാഴ്ചപ്പാടുകള്‍ തുറന്നു പറഞ്ഞ് വലിയൊരു കരിയര്‍ രൂപപ്പെടുത്തിയ ആകാശിനെപ്പോലെയുള്ള ഒരാള്‍. രാഹുലിനെതിരെയോ മറ്റേതെങ്കിലും കളിക്കാരനെതിരെയോ എനിക്ക് വ്യക്തിപരമായ യാതൊരു അജണ്ടയുമില്ല. ഇന്ത്യന്‍ ടീമിലെ നീതീകരിക്കാനാവാത്ത സെലക്ഷനെതിരെ മാത്രമാണ് ഞാന്‍ തുറന്നുപറഞ്ഞത്. ഓരോ കളിക്കാര്‍ക്കും വ്യത്യസ്ത മാനദണ്ഡങ്ങള്‍ വെക്കുന്നതിനെയാണ് ഞാനെതിര്‍ത്തത്. സര്‍ഫ്രാസ് ഖാന്‍റെയും കുല്‍ദീപ് യാദവിന്‍റെയും പേരുകള്‍ എടുത്തുപറഞ്ഞത് അവര്‍ ടീമിലെത്താന്‍ അര്‍ഹരായതുകൊണ്ടാണ്. എന്നാല്‍ ആകാശിനെപ്പോലൊരാള്‍ അതിനെ വ്യക്തിപരമായ അജണ്ടയായി ചിത്രീകരിക്കുന്നത് ഖേദകരമാണെന്നും പ്രസാദ് ട്വിറ്ററില്‍ പറഞ്ഞു.

Scroll to load tweet…

കളിക്കാരെ കളിക്കിടെ വിമര്‍ശിക്കുന്നത് അവരുടെ പ്രകടനത്തെ ബാധിക്കുമെന്ന ഹര്‍ഷ ഭോഗ്‌ലെയുടെ വാദം തനിക്ക് മനസിലാവുന്നില്ലെന്നും പ്രസാദ് ട്വീറ്റീല്‍ പറഞ്ഞു. വിമര്‍ശനം കളിക്കാരുടെ പ്രകടനത്തെ എങ്ങനെയാണ് ബാധിക്കുകയെന്നും കളിക്കിടെ കളിക്കാര്‍ ഫോണ്‍ ഉപയോഗിക്കാറില്ലല്ലോ എന്നും പ്രസാദ് ചോദിച്ചു. താനും ആകാശ് ചോപ്രയും തമ്മില്‍ വ്യക്തിപരമായ യാതൊരു തര്‍ക്കവുമില്ലെന്നും വ്യത്യസ്ത അഭിപ്രായങ്ങളെ പൊതുവേദിയില്‍ അവരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും പ്രസാദ് പറഞ്ഞു.

Scroll to load tweet…

ഇന്ത്യന്‍ ടീമിന്‍റെ ചീഫ് സെലക്ടര്‍ സ്ഥാനത്തേക്ക് നേരത്തെ പ്രസാദ് അപേക്ഷ നല്‍കിയിരുന്നെങ്കിലും ചേതന്‍ ശര്‍മയെ തന്നെ ബിസിസിഐ നിലനിര്‍ത്തുകയായിരുന്നു. ഒളി ക്യാമറ വിവാദത്തില്‍പ്പെട്ട ചേതന്‍ ശര്‍മ രാജിവെച്ച സാഹചര്യത്തില്‍ വീണ്ടും ബിസിസിഐ സെലക്ടറാവാന്‍ പ്രസാദ് ശ്രമിക്കുമോ എന്ന് വ്യക്തമല്ല.